വീണ്ടും ലൂസിഫര്‍ തരംഗം; ബോളിവുഡ് താരങ്ങള്‍ മോഹന്‍ലാലിനെ മാതൃകയാക്കണമെന്ന് ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍

മോഹന്‍ലാല്‍- പൃഥ്വിരാജ് ചിത്രം ലൂസിഫറിന് തിയേറ്ററുകളില്‍ വന്‍വരവേല്‍പ്പാണ് ലഭിച്ചത്. സിനിമ റെക്കോഡ് കളക്ഷനും സ്വന്തമാക്കി. ഇപ്പോഴിതാ ആമസോണ്‍ പ്രൈമിലൂടെ വീണ്ടും ലൂസിഫര്‍ തരംഗമാവുകയാണ്. ഇത്തവണ കാണുന്നതില്‍ അധികവും ഉത്തരേന്ത്യന്‍ പ്രേക്ഷകരാണെന്നതാണ് പ്രത്യേകത. സിനിമ കണ്ട് ആവേശഭരിതരായ ഇവര്‍ സമൂഹമാധ്യമങ്ങളില്‍ സിനിമയെയും മോഹന്‍ലാലിനെയും പ്രശംസിച്ച് കമന്റുകള്‍ പങ്കുവെയ്ക്കുന്നുണ്ട്.

ലൂസിഫറിലെ അഭിനയത്തില്‍ മോഹന്‍ലാലിനെ ആര്‍ക്കും തോല്‍പ്പിക്കാനാവില്ലെന്നും അദ്ദേഹത്തെ ബോളിവുഡ് നടന്‍മാര്‍ മാതൃകയാക്കണമെന്നും പറഞ്ഞുള്ള ചില കമന്റുകള്‍ കാണാവുന്നതാണ്.

സംവിധായകന്‍ പൃഥ്വിരാജിനെയും പ്രശംസിക്കുന്നുണ്ട് ഇവര്‍ . ലൂസിഫര്‍ ഇംഗ്ലീഷ് സബ്‌ടൈറ്റിലോടു കൂടിയാണ് ആമസോണില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇതിനൊപ്പം ലൂസിഫറിന്റെ തമിഴ് തെലുങ്ക് പതിപ്പുകളിലും ആമസോണില്‍ ലഭ്യമാണ്.

മലയാള സിനിമയിലെ ആദ്യത്തെ 200 കോടി ക്ലബ് നേട്ടം കൈവരിച്ച ചിത്രമാണ് ലൂസിഫര്‍ എന്നാണ് നിര്‍മ്മാതാവ് പുറത്തുവിട്ട വിവരം. 2019ല്‍ പുറത്തിറങ്ങിയ സിനിമകളില്‍ ഏറ്റവുമധികം ബോക്‌സ് ഓഫീസ് ചലനം സൃഷ്ടിച്ച സിനിമയാണ് ലൂസിഫര്‍. കേരളക്കരയില്‍ നിന്നുമാത്രം 100 കോടിയുടെ അടുത്ത് കളക്ഷന്‍ നേടി ഈ മോഹന്‍ലാല്‍ ചിത്രം.