'വിക്രമിനെ അൻപറിവ് സ്റ്റണ്ട് ചിത്രം എന്നു പറയാൻ കാരണമുണ്ട്, ഏജന്റ് ടീന, വിക്രം, സന്തനം, അമർ തുടങ്ങി എല്ലാവരും അതിന് ഉദാഹരണം'; ലോകേഷ്

കമലഹാസനെ നായകനാക്കി ലോകേഷ് സംവിധാനം ചെയ്ത ചിത്രം വിക്രത്തിലെ സംഘട്ടനരം​ഗങ്ങൾ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇരട്ട സഹോദരന്മാരായ അൻപ്-അറിവ് ടീമാണ് ചിത്രത്തിൽ ആക്ഷൻ രം​ഗങ്ങളൊരുക്കിയത്. പിന്നാലെ വിക്രമിനെ അൻപറിവ് സ്റ്റണ്ട് ചിത്രം എന്നുപറയാൻ കാരണമുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകൻ ലോകേഷ്.  ഏജന്റ് ടീന, വിക്രം, സന്തനം, അമർ തുടങ്ങി എല്ലാവരും അതിനുദാഹരണമാണ്.  കഴിഞ്ഞദിവസം ട്വിറ്ററിലൂടെയാണ് അൻപറിവ് വിക്രമിന്റെ സംഘട്ടനരം​ഗങ്ങളുടെ ‘ബിഹൈൻഡ് ദ സീൻ’ പങ്കുവെച്ചത്.

കമൽ സാറിനുവേണ്ടി ആക്ഷൻ കോറിയോ​ഗ്രഫി ചെയ്യാൻ സാധിച്ചത് അപൂർവങ്ങളിൽ അപൂർവമായ അനുഭവമായിരുന്നെന്നാണ് ഇരട്ട സംഘട്ടന സംവിധായകർ വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം വിക്രം സിനിമ എന്നെന്നേക്കുമായുള്ള ആനന്ദമാണെന്നും ഇരുവരും കുറിച്ചിരുന്നു.

വീഡിയോയുടെ അവസാനം ആൻ അൻപറിവ് സ്റ്റണ്ട് എന്ന് എഴുതിക്കാണിക്കുന്നുണ്ട്. ഇതിന് കാരണമുണ്ടെന്നാണ് വീഡിയോ റീട്വീറ്റ് ചെയ്തുകൊണ്ട് സംവിധായകൻ ലോകേഷ് കുറിച്ചത്. ഈ സിനിമയ്ക്കുവേണ്ടി അവരെടുത്ത അധ്വാനമാണ് വീഡിയോയിൽ ഇങ്ങനെയൊരു വാചകം എഴുതിക്കാണിക്കാൻ കാരണം എന്നാണ് ലോകേഷ് പറഞ്ഞത്.

വിജയ് സേതുപതിയുടെ ഇൻട്രോ, ഇന്റർവെൽ ഫൈറ്റ്, ക്ലൈമാക്സ് ഫൈറ്റ്, കാണികൾക്ക് സർപ്രൈസായ ഏജന്റ് ടീനയുടെ പ്രകടനം തുടങ്ങി സിനിമയിലെ ചെറുതും വലുതുമായ എല്ലാ സംഘട്ടന രം​ഗങ്ങളുടേയും പിന്നണിക്കാഴ്ചകളു വീഡിയോയിലുണ്ട്. കമലഹാസനോപ്പം, ഫഹദ് ഫാസിൽ, വിജയ് സേതുപതി, സൂര്യ, കാളിദാസ് ജയറാം തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. 410 കോടിയിലേറെയാണ് ചിത്രത്തിന്റെ ഇതുവരെയുള്ള ആ​ഗോള കളക്ഷൻ.