പുതിയ സിനിമ പ്രഖ്യാപിച്ച് ലോകേഷ് കനകരാജ്; കമല്‍ഹാസന്റെ 232ാം സിനിമ ഉടന്‍

മാസ്റ്ററിന് പിന്നാലെ പുതിയ സിനിമയുമായി സംവിധായകന്‍ ലോകേഷ് കനകരാജ്. കമല്‍ഹാസനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. കമല്‍ഹാസന്‍ നായകനാകുന്ന 232ാം ചിത്രമെന്ന പ്രത്യേകതയും ലോകേഷിന്റെ അഞ്ചാം ചിത്രമെന്ന പ്രത്യേകതയുമാണ് സിനിമയ്ക്കുള്ളത്.

തോക്കുകള്‍ കൊണ്ടുള്ള കമല്‍ഹാസന്റെ ചിത്രവും “ഒരിക്കല്‍ അവിടയൊരു പ്രേതമുണ്ടായിരുന്നു” എന്ന വാക്കുകളുമാണ് പോസ്റ്ററിലുള്ളത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതമൊരുക്കുന്നത്. ചിത്രത്തിന്റെ പേരോ മറ്റ് വിവരങ്ങളോ പോസ്റ്ററിലില്ല. ഇതൊരു ഗ്യാംഗ്സ്റ്റര്‍ ചിത്രമാകും എന്നാണ് സൂചന.

വിജയ് ചിത്രം മാസ്റ്ററിന് ശേഷം രജനികാന്തിനെ നായകനാക്കി സിനിമ ചെയ്യാനുള്ള ഒരുക്കത്തിലാണെന്നും കാര്‍ത്തിയെ നായകനാക്കി കൈദി 2 ഒരുക്കുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. കമല്‍ഹാസന്റെ നിര്‍മ്മാണ കമ്പനിയായ രാജ്കമല്‍ ഫിലിംസ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അടുത്ത വര്‍ഷം സിനിമ റിലീസ് ചെയ്യുമെന്നാണ് സൂചന. അതേസമയം, മാസ്റ്റര്‍ ഉടന്‍ റിലീസ് ചെയ്യുമെന്നാണ് സൂചന. ഏപ്രിലില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് നീട്ടി വയ്ക്കുകയായിരുന്നു.