ജീവന് ഭീഷണിയുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു, ഭീഷണിപ്പെടുത്തി; മഞ്ജു വാര്യര്‍ പരാതി നല്‍കിയത് സനല്‍കുമാര്‍ ശശിധരന് എതിരെ

മഞ്ജു വാരിയരെ നിരന്തരം ഭീഷണിപ്പെടുത്തി എന്ന പരാതിയില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ പൊലീസ് കേസ് എടുത്തു. തനിക്കെതിരെ തുടര്‍ച്ചയായി അപവാദം പ്രചരിപ്പിച്ചെന്നും പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തി എന്നുമാണ് മഞ്ജുവിന്റെ പരാതി. കേസില്‍ മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് എടുക്കുകയായിരുന്നു.

മഞ്ജു വാരിയരുടെ ജീവന്‍ തുലാസിലാണെന്നും അവര്‍ തടവറയിലാണെന്നും സൂചിപ്പിച്ചുകൊണ്ട് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ പങ്കുവച്ച ഫെയ്‌സ്ബുക് പോസ്റ്റുകള്‍ വിവാദമായിരുന്നു. നടിയെ പീഡിപ്പിച്ചെന്ന കേസിലെ അന്വേഷണ സംഘത്തെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് മഞ്ജു വാരിയരുടെ മൊഴിയെടുത്തതിനു തൊട്ടുപിന്നാലെയാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്നും സാഹചര്യങ്ങള്‍ വച്ച് നോക്കുമ്പോള്‍ മഞ്ജു ഉള്‍പ്പെടെ ചില മനുഷ്യരുടെ ജീവന്‍ തുലാസിലാണെന്ന് സംശയിക്കുന്നതായും സനല്‍ പോസ്റ്റില്‍ ആരോപിച്ചിരുന്നു.

Read more

ഇതിനു മുമ്പും മഞ്ജു വാരിയര്‍ തനിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് സനല്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അന്ന് മഞ്ജുവിനെക്കുറിച്ച് സമൂഹമാധ്യമത്തില്‍ പങ്കുവച്ച ചില കാര്യങ്ങളാണ് നടിയെ പ്രകോപിപ്പിച്ചതെന്നായിരുന്നു സനല്‍ പറഞ്ഞത്.