പി.എന്‍ മേനോന്‍- സിനിമയും ജീവിതവും

Gambinos Ad
ript>

സോക്രട്ടീസ് കെ. വാലത്ത്

Gambinos Ad

മലയാള സിനിമയിലേക്ക് ഭരതന്‍ ആനയിച്ച ദൃശ്യ സൗന്ദര്യത്തിന്റെ വസന്തകാലത്തിന് പണ്ടേ വിത്തു പാകിയ ഒരു സംവിധായകനുണ്ട് പി.എന്‍. മേനോന്‍. പാലിശ്ശേരി നാരായണന്‍ കുട്ടി എന്ന പി.എന്‍ മേനോന്‍. ഭരതന്റെ ചെറിയഛന്‍. ചലച്ചിത്ര കാലം 1965 മുതല്‍ 2004 വരെ. അറുപതുകളിലും എഴുപതുകളിലും മലയാള സിനിമ തൊടാന്‍ ധൈര്യപ്പെടാതിരുന്ന ആശയങ്ങള്‍ സിനിമയിലെത്തിച്ചു. വിവാദങ്ങളുയര്‍ന്നപ്പോഴും തല താഴ്ത്താതെ നിന്നു.. അന്നേ വരെ ആരും കാണാത്ത ഒരു ദൃശ്യസംസ്‌കാരത്തിന് തുടക്കമിട്ടു. അടൂരിനും അരവിന്ദനും ജോണ്‍ എബ്രഹാമിനും ബക്കറിനും ടിവി ചന്ദ്രനും കെ.ജി. ജോര്‍ജിനും ഭരതനും പത്മരാജനും ഒക്കെ വേറിട്ട ഒരു സിനിമാ സങ്കല്‍പ്പം ഉള്ളിലുണരാന്‍ പാകത്തിനു പുതിയൊരു വഴിത്താര വെട്ടിത്തുറന്നിട്ടു.- മലയാള സിനിമയില്‍ യാതൊരു മുന്‍ മാതൃകയുമില്ലാതെ തന്നെ. നിരൂപക പ്രശംസകളും സംസ്ഥാന കേന്ദ്ര ബഹുമതികളും നേടി. എന്നിട്ടും മലയാള സിനിമ അടൂരിന്റെയും അരവിന്ദന്റെയും ജോണ്‍ എബ്രഹാമിന്റെയും ഒക്കെ പേരില്‍ മാത്രം കൊണ്ടാടപ്പെട്ടു. മണികൗളിന്റെ ദൈര്‍ഘ്യമേറിയ നിശ്ചല രംഗങ്ങളിലാണ് സിനിമയുടെ ദര്‍ശനം എന്നു ധരിച്ച് മടുപ്പിക്കുന്ന ആ ശൈലിയില്‍ സ്വയം തളച്ചിട്ട് ആര്‍ട് സിനിമാ പ്രസ്ഥാനമുണ്ടാക്കി വലിയ മാസ്റ്റേഴ്‌സായവരും പില്‍ക്കാലത്ത് എണ്‍പതുകളിലെ പോപ്പുലര്‍ സിനിമാ പ്രസ്ഥാനത്തെ വാനോളം വാഴ്ത്തിയ പ്രേക്ഷകരും അതിനൊക്കെയുള്ള തീ പണ്ടേ ഊതിക്കത്തിച്ച പി.എന്‍ മേനോനെ കാണേണ്ടതു പോലെ കണ്ടില്ല. നിസ്സാരമല്ല അദ്ദേഹത്തിന്റെ സംഭാവനകള്‍. ഒട്ടും നിസ്സാരമായിരുന്നില്ലാ ആ ജീവിതവും.

തുടക്കം ഒരു തുണ്ടു ഫിലിമില്‍ നിന്ന്

ആയിരത്തി തൊള്ളായിരത്തി മുപ്പതുകള്‍. തൃശ്ശൂര്‍ ജില്ലയിലെ മച്ചാട് എന്ന ഗ്രാമത്തില്‍ ഒരു സിനിമാ കൊട്ടകയുണ്ടായിരുന്നു. തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നുമുള്ള പുണ്യ പുരാണ ചിത്രങ്ങളായിരുന്നു കൂടുതലും. പലരും അതൊക്കെ കണ്ടു. ആസ്വദിച്ചു. അതിനെ കുറിച്ചൊക്കെ ഓര്‍ത്തും ഓര്‍ക്കാതെയും അവരവരുടെ ജീവിതത്തിലേക്കു തന്നെ മടങ്ങി. കൂട്ടത്തില്‍ മച്ചാട്ടുകാരന്‍ തന്നെയായ, പാലിശ്ശേരി വീട്ടിലെ മൂന്നാണ്‍മക്കളില്‍ മൂന്നാമനായ നാരായണന്‍ കുട്ടി എന്ന പയ്യന്‍ സിനിമ കഴിഞ്ഞിട്ടും വീട്ടില്‍ പോയില്ല. എങ്ങനെയാണ് തിരശ്ശീലയില്‍ സിനിമ ഉണ്ടാവുന്നത് എന്ന ചോദ്യം അവനെ നിരന്തരം അലട്ടി. ഷോ കഴിയുമ്പോള്‍ നേരേ തീയറ്ററിനു പിന്നിലേക്കോടി. തീരശ്ശീലയില്‍ കണ്ട നടീ നടന്‍മാരെ തിരഞ്ഞു. കണ്ടില്ല. പിന്നീടു മനസ്സിലായി, -പ്രോജക്റ്റര്‍ റൂമിന്റെ ചുവരിലെ ചെറിയ തുളകളില്‍ നിന്നു വരുന്ന വെട്ടം സ്‌ക്രീനില്‍ വീഴുമ്പോളാണ് രൂപങ്ങള്‍ തെളിയുന്നതെന്നും അത് ഫിലിം കറങ്ങുന്നതു കൊണ്ടാണെന്നും. ഒരു ഫയല്‍മാനെ പോലുള്ള ഒരിക്കലും ചിരിക്കാത്ത ഒരുവനായിരുന്നു ടിക്കറ്റു വാങ്ങുന്നതും പ്രൊജക്റ്ററിലൂടെ സിനിമ ഓടിച്ചിരുന്നതും. നാരായണന്‍ കുട്ടിക്ക് അയാളില്‍ നിന്ന് എങ്ങനെയും ഒരു ഫിലിം കഷണം ഒപ്പിക്കണം. വീട്ടില്‍ വിളഞ്ഞു കിടന്ന രണ്ടു പഴുത്ത പപ്പായ കൊണ്ടു വന്നു കൊടുത്തിട്ട് കാര്യം പറഞ്ഞു. അയാള്‍ പപ്പായ മുഴുവനും തിന്നിട്ട് ഓടിച്ചു വിട്ടു. ഒരു ഓട്ടു മൊന്ത കട്ടു കൊണ്ടു വന്ന് കൊടുത്തു. അതില്‍ കക്ഷി വീണു. ഒരു കഷ്ണം ഫിലിം കൊടുത്തു. അതും കൊണ്ടു വീട്ടിലെത്തി അമ്മ ഉടുക്കാറുള്ള വെള്ള മുണ്ട് മുറിയില്‍ വലിച്ചു കെട്ടി. എവിടെ നിന്നോ ഒപ്പിച്ചെടുത്ത ലന്‍സിലൂടെ ആ ഫിലം കഷണത്തിലേക്ക് വെളിച്ചം പായിച്ചു. മുണ്ടിനുമേല്‍ ഒരു സിനിമയുടെ മുറിക്കാഴ്ച തെളിഞ്ഞു. കാഴ്ചക്കാരായി നിന്ന മുത്തശ്ശിയടക്കമുള്ള വീട്ടുകാരൊക്കെ വിസ്മയ്‌പ്പെട്ടു. അവിടെയാണ് യഥാര്‍ഥത്തില്‍ പി.എന്‍ മേനോന്‍ എന്ന സംവിധായകന്റെ പിറവി.

സിനിമയിലേക്കെത്തിച്ച കാലം

അടിസ്ഥാനമായി മേനോന്‍ ഒരു ചിത്രകാരനായിരുന്നു. ഉള്ളിലെ ചിത്ര സങ്കല്‍പ്പത്തെ ഒന്നു ചലിപ്പിക്കുക മാത്രമേ അദ്ദേഹം ചെയ്തിട്ടുള്ളു. തുടങ്ങുന്നതും ചിത്രകാരനായി തന്നെ. കുട്ടിക്കാലത്ത് ഒരിക്കലും മറക്കാനാവാത്ത ഒരനുഭവം മേനോനുണ്ടായി. വരയ്ക്കാനുള്ള ബ്രഷു വാങ്ങാന്‍ കാശില്ല. അതറിഞ്ഞ് ഒരു കൊച്ചു കൂട്ടുകാരി അവളുടെ മുടിത്തുമ്പു മുറിച്ചു കൊടുത്തു. ആ മുടിനാരുകള്‍ കമ്പില്‍ കെട്ടിയാണ് നാരായണന്‍ കുട്ടി എന്ന പി.എന്‍. മേനോന്‍ പടം വരയില്‍ കാലുറപ്പിച്ചത്. തുടര്‍ന്ന് ഇന്നത്തെ കോളേജ് ഓഫ് ഫൈനാര്‍ട്‌സ് എന്ന പഴയ തൃശ്ശൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒക്ക്യുപ്പേഷണല്‍ ആര്‍ടില്‍ ചിത്രകല പഠിച്ചു. അതിനകം സിനിമ വല്ലാതെ ആവേശിച്ചിരുന്നതു കൊണ്ട് മദിരാശിയിലെത്തി. അവിടെ സേലത്തെ ഒരു സിനിമാ സ്റ്റുഡിയോയില്‍ പ്രൊഡക്ഷന്‍ ബോയ് ആയി. ആ സ്റ്റുഡിയോ നിന്നുപോയി. പൈപ്പു വെള്ളം കുടിച്ചും പട്ടിണി കിടന്നും ഒടുക്കം ഒരു ഹോട്ടലില്‍ പണിക്കാരനായി. ചന്തയില്‍ നിന്ന് ഹോട്ടലിലേക്കുള്ള പച്ചക്കറി സൈക്കിളില്‍ കൊണ്ടു വരിക. രാത്രി കട വരാന്തയില്‍ ഉറക്കം. അടുത്തുള്ള തീയറ്ററില്‍ നിന്ന് ഉയരുന്ന സിനിമയിലെ സൗണ്ട് ട്രാക്കു കേട്ടും തൊട്ടു മുന്നിലെ ചുവരിലെ അതേ സിനിമയുടെ പോസ്റ്ററിലേക്കു കണ്ണുനട്ടുമുള്ള ഉറക്കം. മേനോന്‍ പറഞ്ഞിട്ടുണ്ട് –
‘സിനിമയുടെ മടിത്തട്ടില്‍ കിടന്നുറങ്ങുന്ന അനുഭവമായിരുന്നു അത്.”

ഒരു ദിവസം ഹോട്ടലിലേക്ക് പച്ചക്കറിയുമായി വരുമ്പോള്‍ നാരായണന്‍ കുട്ടിയുടെ സൈക്കിളില്‍ ഒരു കാറു വന്നു മുട്ടി. കാറുടമ ഒരു കാര്‍ഡു നീട്ടി. നാളെ അതില്‍ പറയുന്ന ഓഫീസ്ില്‍ ചെന്നാല്‍ വേണ്ടതു ചെയ്യാം. ചെന്നു. അത് നാഗറെഡ്ഡി എന്ന പ്രമുഖ തെലുങ്കു നിര്‍മാതാവിന്റെ സ്റ്റുഡിയോയും ഓഫീസുമാണ്. നിനക്കെന്തെങ്കിലും പണി അറിയുമോ എന്നു ചോദ്യം. വരക്കും എന്നു നാരായണന്‍ കുട്ടി. അങ്ങനെ നാഗറഡ്ഡിയുടെ മാസികയുടെ കവര്‍ ചിത്രങ്ങള്‍ വരക്കുന്ന ജോലി കിട്ടി. ആ പടങ്ങള്‍ ശ്രദ്ധിക്കപ്പെട്ടതോടെ സ്റ്റുഡിയോ സെറ്റുകള്‍ക്ക് ചിത്രം വരയക്കുന്നയാളായി. ചിത്രം വരക്കുമ്പോഴും നാരായണന്‍ കുട്ടിയുടെ ശ്രദ്ധ താഴെ നടക്കുന്ന സിനിമയുടെ ഒരുക്കങ്ങളിലായിരുന്നു. ഒരു സീന്‍ ആരംഭിക്കുന്നത്, സീനിലെ ഷോട്ടുകള്‍ തിരിക്കുന്നത്, സീന്‍ കട്ടു ചെയ്യുന്നത്- ഒക്കെ കണ്ടു പഠിച്ചു. പിന്നീട് ഒരു തമിഴ് സിനിമയുടെ കലാ സംവിധാനമേറ്റു. അതോടെ നാരായണന്‍ കുട്ടി പി.എന്‍. മേനോനായി. അവിടെ നിന്ന് എന്‍. എന്‍. പിഷാരടി-ശോഭനാ പരിമേശ്വരന്‍ നായര്‍ ടീമിന്റെ ‘നിണമണിഞ്ഞ കാല്‍പ്പാടുകളു’ടെ കലാസംവിധാനം. തുടര്‍ന്ന് മലയാളത്തില്‍ ഒട്ടേറെ സിനിമകളുടെ കലാസംവിധാനം. നാരായണന്‍ കുട്ടി എന്ന പി.എന്‍ മേനോനു തിരക്കോടു തിരക്കായി.

റോസിയുമായി സംവിധാനത്തിലേക്ക്

‘റോസി’ ആണ് ആദ്യമായി പി.എന്‍ മേനോന്‍ സംവിധാനം ചെയ്യുന്നത്. കാലം 1965. മുപ്പത്തിയേഴാമത്തെ വയസ്സില്‍. മലയാളത്തില്‍ ന്യൂ വേവ് സിനിമയുടെ തുടക്കം 1955ല്‍ പി.ഏ രാമദാസ് ഉള്‍പ്പെടെയുള്ള ഒരു വിദ്യാര്‍ഥി സംഘത്തിന്റെ സംരംഭമായിരുന്ന ‘ന്യൂസ്് പേപ്പര്‍ ബോയി’ലൂടെ ആയിരുന്നല്ലോ. അതിന്റെ അരി്ഷ്ടതകള്‍ ഒന്നും ഇല്ലാത്ത ഒരു സിനിമയാണ് ‘റോസി”യിലൂടെ മേനോന്‍ കാണിച്ചത്. അതുവരെ സ്റ്റുഡിയോ സെറ്റിലായിരുന്നു മലയാള സിനിമ. റോസി പക്ഷേ, പൂര്‍ണ്ണമായും ഔട്ട് ഡോറില്‍ ഷൂട്ടു ചെയ്തു. ഒരു ബദല്‍ സിനിമയുടെ നീക്കം ആദ്യമായി തുടങ്ങുന്നത് റോസിയിലാണ് എന്നു പറയാം. നമ്മുടെ സിനിമ മണ്ണിലേക്കു വന്നു. പ്രകൃതിയെ സിനിമയിലേക്കും സിനിമയെ പ്രകൃതിയിലേക്കും എത്തിച്ച ആദ്യത്തെ മലയാള സംവിധായകനാണ് പി.എന്‍. മേനോന്‍. റോസിയില്‍ കവിയുര്‍ പൊന്നമ്മയെ നായികയാക്കി. നായകന്‍ പ്രേം നസീറും. കൊട്ടാരക്കര, തിക്കുറിശ്ശിയൊക്കെയായിരുന്നു മറ്റു നടന്‍മാര്‍. പി.ജെ ആന്റണിയുടെ സ്‌ക്രിപ്റ്റും കെ.വി.ജോബിന്റെ സംഗീതവും. ‘അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം’ എന്ന യോശുദാസ് ഗാനം കേരളം നെഞ്ചേറ്റി. പക്ഷെ സിനിമ ഉള്ളേറ്റിയില്ല. മേനോന്‍ പക്ഷേ, നിരാശനായില്ല.

ഓളവും തീരവും

വീണ്ടും വര്‍ഷങ്ങള്‍ക്കു ശേഷം പി.എ. ബക്കറുമായുള്ള സൗഹൃദമാണ് മേനോന്‍ തന്റെയെന്നല്ല, ഇന്ത്യന്‍ സിനിമയുടെ തന്നെ എക്കാലത്തെയും മനോഹര സിനിമകളിലൊന്നായ ‘ഓളവും തീരവും’ സംവിധാനം ചെയ്യാന്‍ നിമിത്തമായത്. എം. ടി. വാസുദേവന്‍ നായരുടെ രചനയില്‍ പിറന്ന ദുരന്ത പ്രണയകഥ. അത് സിനിമയുടെ എല്ലാ തലങ്ങളിലും സമ്പൂര്‍ണ്ണമായ ഒരു പൊളിച്ചെഴുത്തായിരുന്നു. മങ്കട രവിവര്‍മയുടെ ക്യാമറ, പി.ഭാസ്‌കരന്‍-ബാബുരാജ് ടീമിന്റെ പാട്ടുകള്‍, മധു, ഉഷാനന്ദിനി, നിലമ്പൂര്‍ അയിഷ, ജോസ്പ്രകാശ്, പരിയാനംപറ്റ തുടങ്ങിയവരുടെ പെര്‍ഫോമന്‍സ്- എല്ലാം ചേര്‍ന്ന് ഓളവും തീരവും വലിയൊരു സംഭവമാക്കി. ഇന്നും ഭാരതിരാജ ഉള്‍പ്പെടെയുള്ള പല സംവിധായകരുടെയും ഇഷ്ട സിനിമയാണിത്. സംവിധാനത്തില്‍ മേനോന്‍ കയ്യൊപ്പു ചാര്‍ത്തിയ ഈ സിനിമയുടെ തുടക്കത്തിന് പുതുമയുണ്ട്. ഒരു പ്രണയഗാനത്തോടെയാണ് ‘ തുടങ്ങുന്നത്. പക്ഷേ, നായികയോ നായകനോ ദൃശ്യത്തിലില്ല. പകരം ഒരു നദിയിലെ ചില ദൃശ്യങ്ങള്‍. ഓളങ്ങള്‍, ചുഴികള്‍, തീരം, ആമ്പലുകള്‍, ജലസസ്യങ്ങള്‍, കിളിക്കൂടുകള്‍. അതിനു മേല്‍ കേള്‍ക്കാവുന്ന ഭാസ്‌കരന്‍- ബാബുരാജ് ടീമിന്റെ ഹൃദ്യമായ പ്രണയ ഗാനം
‘ മണിമാരന്‍ തന്നത് പണമല്ലാ പൊന്നല്ലാ മധുരക്കിനാവിന്റെ
കരിമ്പിന്‍ തോട്ടം..” ഗാനം തീര്‍ന്നതിനുശേഷം മാത്രം ക്രഡിറ്റ് ടൈറ്റിലുകളോടെ സിനിമ തുടങ്ങുന്നു. കണ്ടു തീരുമ്പോള്‍ മനസ്സിലാകും-ആ പാട്ടിലൂടെ മേനോന്‍ കേള്‍പ്പിച്ചും കാണിച്ചും തന്നത് സിനിമയുടെ ചുരുക്കമായിരുന്നു. എന്താണോ സിനിമ അതിന്റെ ഒരു എസന്‍സ്. ഇന്നും പുതുമയുള്ള ഒരു സമീപനം. കഥാന്ത്യത്തില്‍ നിര്‍ണ്ണായകമായ ഒരു അടിയുണ്ട് . മധുവിന്റെ ബാപ്പുട്ടിയും ജോസ്പ്രകാശിന്റെ കുഞ്ഞാലിയും തമ്മില്‍. സ്്റ്റണ്ടു സംവിധായകനും ഡ്യപ്പുകളും അന്നേയുള്ള കാലം. അഭിനയിക്കാനായി വന്നു നിന്ന മധുവും ജോസ്പ്രകാശും ചുറ്റും നോക്കി. സ്റ്റണ്ടു നോക്കുന്ന ഡയറക്റ്ററോ ഡ്യപ്പുകളോ ഇല്ല. ഞങ്ങളെന്താ വേണ്ടത് എന്ന് മധു വിളിച്ചു ചോദിച്ചു. ക്യാമറയ്ക്കു പിന്നില്‍ നിന്ന മേനോന്‍ പറഞ്ഞു :
‘ നോക്കി നിക്കാതെ അടിച്ചോ”. പറഞ്ഞതും ക്യാമറ ഓണായി. ഫിലിം റോള്‍ ചെയ്യുന്ന ശബ്ദം ഉയര്‍ന്നു. അടിക്കാതെ വയ്യ. മധു അടിച്ചു. ജോസ് പ്രകാശ് തിരിച്ചും. അവര്‍ അന്നത്തെ സൂപ്പര്‍ താരങ്ങളാണെന്നതു മറന്നു. ബാപ്പുട്ടിയും കുഞ്ഞാലിയുമായി മാറി. പൊരിഞ്ഞ അടി. അതിന്റെ വന്യ സൗന്ദര്യം അകൃത്രിമമായി ഉണ്ടാക്കിയ ത്രില്ല് ഈ ബാഹുബലിക്കാലത്തും തീക്ഷ്ണമായി നില്‍ക്കുന്നുവെങ്കില്‍ അത് ഒരു സംവിിധായകന്റെ തന്റേടത്തിന്റെ വിജയമാണ്.

കുട്ട്യേടത്തി

1971ല്‍ എംടിയുടെ തന്നെ രചനയില്‍ മൂന്നാമത്തെ സിനിമ. ‘കുട്യേടത്തി” . നായികാ സങ്കല്‍പ്പം തകര്‍ത്ത സിനിമ. വൈരൂപ്യമുള്ള സൗന്ദര്യം കുറഞ്ഞ നായിക. വിലാസിനിയാണ് ആ റോള്‍ ചെയ്തത്. ഷീലയും ശാരദയും തിളങ്ങി നില്‍ക്കുന്ന കാലത്ത് അവരെയാരെയെങ്കിലും കറുപ്പടിച്ച് ഭംഗി കുറച്ച് അഭനയിപ്പിച്ച് അവരുടെ ആരാധകരെ തീയറ്ററിലേക്കാകര്‍ഷിക്കാന്‍ മേനോന്‍ മെനക്കെട്ടില്ല. പകരം എംടിയുടെ കുട്യേടത്തിക്കു ചേര്‍ന്ന ഒരു നടിയെ കണ്ടെത്തി. വിലാസിനി. ആ സിനിമയുടെ വിജയത്തോടെ വിലാസിനി, കു്‌ട്യേടത്തി വിലാസിനിയായി. ‘പറങ്കിമല’യില്‍ വേലക്കാരി പെണ്ണിന്റെ റോളില്‍ അതിനു ചേര്‍ന്ന സൂര്യയെ ഉറപ്പിക്കാന്‍ ഭരതനു പ്രേരണയായത് ചെറ്യഛനായ പി.എന്‍. മേനോന്റെ ആ ധീരമായ തെരഞ്ഞെടുപ്പാകാം.

പണിമുടക്ക്

‘പണിമുടക്കാ’യിരുന്നു അടുത്ത ചിത്രം. ബാലു മഹേന്ദ്ര ഛായാഗ്രാഹകനായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച സിനിമ. തൊഴിലാളി രാഷ്ട്രീയം അതിന്റെ എല്ലാ പോസിറ്റീവ്-നെഗറ്റീവ് സ്പരിറ്റോടെയും ഉള്‍ക്കൊള്ളുന്ന പണിമുടക്ക് ആദ്യകാല രാഷ്ട്രീയ സിനിമകളില്‍ ഒന്നായി കാണാം. പക്ഷേ, മധു അടക്കമുള്ള താര നിരയുണ്ടായിട്ടും പടത്തിന് പൊതു സ്വീകാര്യത ഉണ്ടായില്ല. പണിമുടക്കിന്റെയും തുടക്കത്തിനു പ്രത്യേകതയുണ്ട്. ചിത്രത്തിന്റെ പേര് തെളിഞ്ഞതിനു ശേഷം ഫ്രയിമിലേക്ക് മധുവിന്റെ മുഖം കയറി വരുന്നു. കരുത്തുള്ള ഒരു നോട്ടം പ്രേക്ഷക സമൂഹത്തിനു നേരേ എയ്ത് മധു മാറുന്നു. തുടര്‍ന്ന് ബാലന്‍ കെ നായര്‍, പറവൂര്‍ ഭരതന്‍,അങ്ങനെ ഏതാനും പേരുടെ മുഖങ്ങളും അവരുടെ പരുക്കന്‍ ഭാവത്തിലുള്ള തറഞ്ഞ നോട്ടവും. ഓട് കമ്പനിയിലെ തൊഴിലാളികളാണ് അവരെന്ന് നമുക്കു പിന്നീടു മനസ്സിലാകുന്നു. ഫാക്റ്ററി സമരത്തിന്റെ തീക്ഷ്ണതയും അവരുടെ ആത്്മസംഘര്‍ഷവും ആ തുടക്കത്തിലൂടെ ഫലിപ്പിക്കാന്‍ മേനോനായി.

മേനോന്റെ ഏറ്റവും നല്ല കാലം

തുടര്‍ന്നു പിഎന്‍ മേനോന്റെ സിനിമകള്‍ തുടരെ തുടരെ ഇറങ്ങി. ഏഴുപതുകളിലെ ഏറ്റവും സജീവമായ കാലം. 1972ല്‍ രണ്ടു സിനിമകള്‍. മാപ്പുസാക്ഷിയും ചെമ്പരത്തിയും.
എംടി തന്നെ എഴുതിയ ‘മാപ്പുസാക്ഷി” ബാലന്‍ കെ നായരുടെ അഭിനയവും അശോക് കുമാറിന്റെ ഛായാഗ്രഹണവും രവിയുടെ എഡിറ്റിങ്ങും കൊണ്ട് കലാപരമായി ശ്രദ്ധിക്കപ്പെട്ടു.
‘ചെമ്പരത്തി” ഒരു വലിയ ഹിറ്റായി. കൗമാര പീഡനവും തുടര്‍ന്നുള്ള കൊലപാതകവും ആദ്യമായി പ്രമേയമാക്കിയത് മേനോനാണെന്നു പറയാം. എഴുപതുകളിലെ യുവത്വത്തെ രാഘവനിലൂടെയും സുധീറിലൂടെയും ശോഭനയിലൂടെയും മറ്റും ഒപ്പിയെടുത്ത ചെമ്പരത്തി അതിലെ ”ചക്രവര്‍ത്തിനീ …”പോലുള്ള പാട്ടുകള്‍ കൊണ്ടും ജനശ്രദ്ധ നേടി. മലയാളത്തിലെ ആദ്യകാല യൂത്ത് മൂവിയാണ് ചെമ്പരത്തി.

‘ചായം’- വിവാദ സിനിമ

വേറിട്ടു നില്‍ക്കുന്ന പ്രമേയത്തോടുള്ള മേനോന്റെ പ്രണയം അദ്ദേഹത്തെ ‘ചായ”ത്തിലെത്തിച്ചു. സുധീറും ഷീലയുമായിരുന്നു പ്രധാന റോളുകളില്‍. മേനോന്റെ ഇഷ്ട മാധ്യമമായ ചിത്രകലയില്‍ വ്യാപരിക്കുന്ന നായകന്‍. കഥയിലും അവതരണത്തിലും മേനോന്‍ അന്നത്തെ കേരളത്തെ ഞെട്ടിച്ചു. നാടെങ്ങും പ്രതിഷേധമുയര്‍ന്നു. സ്‌ക്രീനിനു നേര്‍ക്ക് കുപ്പിയേറുണ്ടായി. കസേരകള്‍ തകര്‍ക്കപ്പെട്ടു. സദാചാര വിശ്വാസങ്ങളെ സിനിമ വെല്ലുവിളിച്ചതാണ് പ്രശ്‌നമായത്. അഗമ്യഗമനമായിരുന്നു വിഷയം. അമ്മ ഉപേക്ഷിക്കപ്പെട്ട ചിത്രകാരനായ യുവാവ് പിന്നീട് മധ്യവയസ്‌കയായ ഒരു സ്ത്രീയില്‍ അമ്മയെയും കാമുകിയെയും കാണുന്നു. ഒരു ഘട്ടത്തില്‍ അവര്‍ തമ്മില്‍ വേഴ്ചയിലേര്‍പ്പെടുന്നു. അത് തന്റെ അമ്മ തന്നെയായിരുന്നു എന്നയാള്‍ അപ്പോള്‍ അറിയുന്നില്ല. അതിലെ ക്്‌ളാസിക്കലായ ദുരന്തം ഉള്‍ക്കൊള്ളാന്‍ അന്നും- അതെ, അന്നും കേരളം വളര്‍ന്നിരുന്നില്ല. കൂടാതെ ശോഭനയുടെ കഥാപാത്രം മദ്യപിച്ച് ഒരു ഗാനമാലപിക്കുന്ന രംഗവുമുണ്ട്. എഴുപതിലെ സിനിമയിലാണിത് ഒക്കെ ഉള്‍്‌ക്കൊള്ളിക്കാന്‍ പി.എന്‍. മേനോന്‍ ധൈര്യം കാണിച്ചതെന്നോര്‍ക്കണം. പ്രതിഷേധങ്ങളും സെന്‍സര്‍ കട്ടിങ്ങുകളും ഒക്കെ ചേര്‍ന്ന് ഏ സര്‍ട്ടിഫിക്കറ്റു ചാര്‍ത്തിക്കൊടുത്ത ആ ചിത്രത്തെ വേഗം പെട്ടിയിലാക്കി. ചായമടക്കം 1973ല്‍ മേനോന്‍ നാലു ചിത്രങ്ങളാണ് സംവിധാനം ചെയ്തത് . കരിയറിലെ ഏറ്റവും ഉര്‍വരമായ വര്‍ഷം. ഗായത്രി, ദര്‍ശനം, മഴക്കാറ്. നാലും വ്യത്യസ്തമായ പ്രമേയങ്ങള്‍.

‘ഗായത്രി’യും നടന്‍ സോമന്റെ വരവും

‘ഗായത്രിയിലൂടെയായിരുന്നു എംജി. സോമന്റെ സിനിമാ പ്രവേശം. അഗ്രഹാര പശ്ചാത്തലത്തില്‍ പാരമ്പര്യവും അതിന്റെ നിയാമക വ്യവസ്ഥിതിയെ എതിര്‍ക്കുന്ന യുവത്വവും തമ്മിലുള്ള ഉരസലായിരുന്നു ‘ഗായത്രി” .. വിഗ്രഹം വിറ്റു പണമുണ്ടാക്കാന്‍ നോക്കിയ തൊഴില്‍രഹിതനായ മകന്‍ ജയിലില്‍ കേറുമ്പോള്‍ പാപപരിഹാരാര്‍ഥം പൂജാരിയായ അഛന്‍ പൂണൂല്‍ അഴിച്ചു കയ്യില്‍ കെട്ടി ശയനപ്രദക്ഷണം നടത്തി മരിക്കുന്നതാണ് ക്‌ളൈമാക്‌സ്. ഒരു കന്നഡ സിനിമയുടെ കഥയില്‍ നിന്നും മലയാറ്റൂര്‍ രാമകൃഷ്ണനാണ് ഗായത്രിയുടെ തിരക്കഥ തയ്യാറാക്കിയത്. അഗ്രഹാരങ്ങളെ പ്രകോപിപ്പിക്കുകയും ഏറെ ഒച്ചപ്പാടുകളുണ്ടാക്കുകയും ചെയ്തു ‘ഗായത്രി’. ചിത്രത്തിനും ‘പത്മതീര്‍ഥമേ ഉണരൂ” എന്ന ഗാനത്തിനും ബഹുമതികളും കിട്ടി.

തുടര്‍ന്ന് 1975ല്‍ ഓടക്കുഴല്‍ (നായകന്‍-ശേഖര്‍), -77ല്‍ ടാക്‌സിഡ്രൈവര്‍ (സതീഷ് സത്യന്‍, രാഘവന്‍), -78ല്‍ ഉദയം കിഴക്കു തന്നെ (സുകുമാരന്‍), -79ല്‍ തമിഴ് ചിത്രം ‘ദേവതൈ’ (ശിവകുമാര്‍) , -81ല്‍ ‘അര്‍ചന ടീച്ചര്‍” (വേണു നാഗവള്ളി) , -82ല്‍ തമിഴ് ചിത്രം അനു (ദഗ്ഗുപതി രാജ) , -83ല്‍ മലമുകളിലെ അബ്ദുള്ള, അതേ വര്‍ഷം തന്നെ ‘കടമ്പ’ (പ്രകാശ്), ‘അസ്ത്രം’ ( ഭരത് ഗോപി), -89 ല്‍ പടിപ്പുര (മുരളി), 2004ല്‍ അവസാന ചിത്രമായ ‘നേര്‍ക്കു നേരേ” (നെടുമുടി വേണു) എന്നീ ചിത്രങ്ങള്‍.

പി.ജെ. ആന്റണി, എംടി, മലയാറ്റൂര്‍, ജി. വിവേകാനന്ദന്‍, തിക്കോടിയന്‍, എന്‍. പി. ചെല്ലപ്പന്‍ നായര്‍, ജോണ്‍പോള്‍ തുടങ്ങിയവരാണ് പി.എന്‍. മേനോന്‍ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയിരുന്നവരില്‍ പ്രമുഖര്‍. ചില ചിത്രങ്ങള്‍ക്ക് മേനോനും സ്‌ക്രിപ്റ്റ് ചെയ്തു.

സിനിമ സംവിധായകന്റെ കല

സിനിമയുടെ അവസാന വാക്ക് സംവിധായകന്‍ തന്നെ എന്നുറപ്പിക്കുന്ന രീതിയിലായിരുന്നു പി.എന്‍ മേനോന്റെ ചലച്ചിത്ര പ്രവര്‍ത്തനം. സംവിധായകന്‍ എന്ന നിലയില്‍ എന്തെങ്കിലും ആഴത്തില്‍ ചെയ്യാന്‍ ഉതകുന്ന പ്‌ളോട്ടുകള്‍ മാത്രം തെരഞ്ഞെടുത്തു. ഒരി്ക്കലും സ്‌ക്രിപ്്റ്റ് പി.എന്‍ മേനോന് ഒരു വിഷയമേ ആയിരുന്നിട്ടില്ല. തുടക്കത്തിലേ തന്നെ തിരക്കഥയെ സിനിമ എടുക്കാനുള്ള ഒരു സഹായക വസ്തു എന്നതിനപ്പുറം പരിഗണിച്ചിട്ടില്ല. എംടിയുടെ ഓളവും തീരവും തിരക്കഥ വായിച്ചതിനു ശേഷം ആ സിനിമ കണ്ടാല്‍ ഇക്കാര്യം മനസ്സിലാവും. തിരക്കഥ പകര്‍ത്തലല്ലാ സംവിധാനം എന്ന്് അന്നേ തെളിയിച്ച സംവിധായകനാണ് പി.എന്‍. മേനോന്‍. അരവിന്ദനൊക്കെ വരുന്നതിനും മുമ്പേ. തികച്ചും വ്യത്യസ്തമായ ആശയം എടുക്കുക. അത് ശക്തമായ ദശ്യങ്ങളിലൂടെ സിനിമയാക്കുക- ഇതിനിടയില്‍ കഥയുടെ കാര്യകാരണ ബന്ധം വിട്ടു പോകാതിരി്ക്കാന്‍ ഇടയ്ക്കു തിരക്കഥയിലുടെ ഒന്നു കണ്ണോടിക്കുക. -ഇതായിരുന്നു മേനോന്‍ സ്‌റ്റൈല്‍. അടിസ്ഥാനപരമായും മേനോന്‍ ഒരു ചിത്രകാരനായിരുന്നല്ലോ. അതു കൊണ്ടു തന്നെ സിനിമ ചിത്രങ്ങളായിട്ട് അഥവാ സീക്വന്‍സുകളായിട്ടാണ് അദ്ദേഹം മനസ്സില്‍ രൂപപ്പെടുത്തിയിരുന്നത്. ഇതിന് തുണയായത് സിനിമ ഒരു വികാരമായി കൊണ്ടു നടന്നിരുന്ന കാലത്ത് കണ്ട ഡിസിക്കാ ചിത്രങ്ങളാണ് എന്ന് മേനോന്‍ തന്നെ പറഞ്ഞിട്ടുണ്ട് . വിറ്റോറിയാ ഡിസിക്കാ എന്ന വിഖ്യാത ഇറ്റാലിയന്‍ ഫിലിം മേക്കറുടെ രീതി കൂടുതലും ദൃശ്യങ്ങളെ ആശ്രയിച്ചു കഥ പറയുക എന്നതായിരുന്നു. അധികവും ക്‌ളോസ്, മീഡിയം ക്‌ളോസ്് ഷോട്ടുകളാണ് ഡിസിക്ക ഉപയോഗിച്ചിരുന്നത്. ഒന്നുകില്‍ വസ്തുവിന്റെ/അഭിനേതാവിന്റെ ക്‌ളോസ് ഷോട്ട് . അല്ലെങ്കില്‍ മീഡിയം ക്‌ളോസ് ഫ്രയിമിലേക്ക് വന്ന് ക്‌ളോസഡ് ആവുന്ന വസ്തു അഥവാ അഭിനേതാവ്.

എന്നാല്‍ ഡിസിക്കയുടെ ദൃശ്യരീതിയും മേനോന്‍ പൊളിച്ചു. തുടര്‍ച്ചയായി ക്‌ളോസ് ഷോട്ടുകളും ചിലപ്പോള്‍ എക്‌സ്ട്രീം ക്‌ളോസ് ഷോട്ടുകളുമാണ് മേനോന്‍ ഉപയോഗിച്ചത്. വൈഡ് ഫ്രയിമുകള്‍ തന്നെ വച്ച് നാടകം പോലെ നീളന്‍ സീനുകള്‍ മലയാളത്തില്‍ പരക്കെ എടുത്തു കൊണ്ടിരുന്ന കാലത്താണ് മേനോന്‍ ഇതിനു ധൈര്യപ്പെട്ടത്.
ഓളവം തീരവും ‘പണിമുടക്ക് എന്നീ ചിത്രങ്ങളുടെ തുടക്കത്തിലെ ക്്‌ളോസപ്പുകളെ കുറിച്ചു പറഞ്ഞല്ലോ. ‘മഴക്കാറി’ന്റെ തുടക്കത്തിലും ഇതേ റേഞ്ചിലുള്ള സീനുകളാണ്. ഒരു കുളത്തില്‍ വീഴുന്ന ജലത്തുള്ളികളുടെയും അതിന്റെ അനുരണനങ്ങളുടെയും ഏറ്റവും സമീപ ദൃശ്യങ്ങളില്‍ നിന്നും കൂട്ടില്‍ ചിറകിട്ടടിക്കുന്ന തത്തയിലേക്ക്. -തത്തയില്‍ നിന്നും അതിനെ ഉദാസീനയായി നോക്കുന്ന നായികയുടെ മുഖത്തേക്ക്. അങ്ങനെ വന്്ധ്യതാ ദുഖത്തിലാണ്ട ഭര്‍തൃമതിയായ അവളുടെ കഥയിലേക്ക് അര്‍ഥവത്തായ ഏതാനും ക്‌ളോസ് ഷോട്ടുകളിലൂടെ തുടക്കത്തിലേ തന്നെ മേനോന്‍ നമ്മെ അനായാസം കൊണ്ടു പോകുന്നു. തമിഴ് ചിത്രമായ ‘ദേവതൈ’ യുടെ തുടക്കവും ഇതേ പോലെ തന്നെ. വെങ്കിടേശ സുപ്രഭാതത്തോടൊപ്പം നെയ്ത്തുമായി ബന്ധപ്പെട്ട ഏറ്റവും സമീപസ്ഥമായ ഷോട്ടുകളാണുപയോഗിച്ചത്. മനസ്സില്‍ കാണുന്ന ഫ്രയിം, അതിലെ നിഴലുകളും വെളിച്ചപ്പൊട്ടുകളും- അത് അതേപടി സിനിമയില്‍ വരണമെന്ന് മേനോനു ശാഠ്യം തന്നെയുണ്ടായിരുന്നു. ഓബ്ജകറ്റ് അത് അഭിനേതാവായിക്കോട്ടേ, ഒരു വസ്തുവോ വഴിയോ വൃക്ഷമോ ആയിക്കോട്ടെ അത് അതുവരെ കാണാത്ത ഒരു ആംഗിളില്‍ എടുക്കണമെന്ന് തുടക്കം മുതല്‍ മേനോനു നിര്‍ബന്ധമുണ്ടായിരുന്നു. ഉള്ളില്‍ കണ്ട സിനിമ തന്നെയാണ് മേനോന്‍ എടുത്തത്. അതില്‍ ഒരു കോംപ്രമൈസിനും തയ്യാറായിരുന്നില്ല. ഒരിക്കല്‍ അദ്ദേഹം പറഞ്ഞു:

‘ ഒരു നല്ല സിനിമ ഉണ്ടാക്കാന്‍ എനിക്ക് ക്യാമറയും സണ്‍ലൈറ്റും മാത്രം മതി.” അതെ, ബാക്കിയെല്ലാം -കഥ, തിരക്കഥ, അഭിനേതാക്കള്‍-എല്ലാം അദ്ദേഹത്തിന് കേവലം ടൂള്‍സ് മാത്രമായിരുന്നു. ദൃശ്യങ്ങളുടെ സന്നിവേശത്തിലൂടെ താന്‍ എടുത്തു കാണിക്കാന്‍ പോകുന്ന സിനിമയുടെ സഹായകഘടകങ്ങള്‍. താരകേന്ദ്രീകൃതമായ സിനിമാ വ്യവസ്ഥിതിയെ തുറന്നെതിര്‍ത്തിട്ടുണ്ട് മേനോന്‍. പ്രേം നസീറിനെയും അടൂര്‍ ഭാസിയെയും ഔട്ടാക്കിയാലേ മലയാള സിനിമ രക്ഷപ്പെടൂ എന്ന് ഒരിക്കല്‍ തുറന്നടിച്ചതായും കേള്‍ക്കുന്നു.

അഭിനേതാവിനെ കഥാപാത്രമാക്കി മാറ്റുന്നതില്‍ പി.എന്‍ മേനോന്റെ വിരുത് അന്യാദൃശമായിരുന്നു. ആരില്‍ നിന്നും തനിക്കു വേണ്ട ഭാവം ഉദ്ദേശിച്ചതു പോലെ തന്നെ ക്യാമറയിലേക്ക് എടുത്തിരിക്കും. എന്താണോ, എങ്ങനെയാണോ വേണ്ടത് അത കിട്ടാന്‍ കൃത്യമായി അഭിനയിച്ചു വരെ കാണിച്ചിരുന്നു. പി.എന്‍ മേനോനെ കുറിച്ച് മണിലാല്‍ പഡവൂര്‍ സംവിധാനം ചെയ്ത ‘ഷാഡോസ് ഓഫ് ഇന്നര്‍സ്‌കെയ്പ്പ്’ എന്ന ഹൃസ്വചിത്രത്തില്‍ നിന്ന് ഇത് വ്യക്തമായി മനസ്സിലാക്കാം. തെണ്ടിയായും, പോലീസ് ഓഫീസറായും, മദ്യപനായ ഭര്‍ത്താവായും, കാമുകനായും, കാമുകിയായും ഒക്കെ മേനോന്‍ അഭിനയിച്ചു കാണിച്ചു കൊടുക്കുന്നത് ഒരു നടന്റെ കിറുകൃത്യതയോടെയാണ്. ഒരു ഫ്രയിം, അതില്‍ വരേണ്ട വികാരം, അതിന്റെ ആവിഷ്‌കാരത്തില്‍ നിന്നുണ്ടാവേണ്ട അനുഭൂതി- ഇത് എങ്ങനെയാണോ മനസ്സില്‍ കണ്ടത് അത് അതേപടി കിട്ടാനള്ള നിഷ്‌കര്‍ഷ ബുദ്ധി പ്രായമേറിയ കാലത്തും അവസാനമെടുത്ത സിനിമയിലെ അവസാന ഫ്രയിം വരെയും അദ്ദേഹം നിലനിര്‍ത്തി.

പരസ്യ കലയിലും തിളക്കം

സിനിമയില്ലാതിരുന്ന കാലത്ത് ജീവിതം പൊടുന്നനെ ദാരിദ്ര്യത്തിലായി. ആ സമയത്താണ് ഫാസിലും ജിജോയും കൂടി ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളു’ടെ ആല്‍ബവും കൊണ്ടു ചെന്ന് പോസ്റ്ററുകള്‍ ഡിസൈന്‍ ചെയ്യണമെന്നാവശ്യപ്പെടുന്നത്. തുടര്‍ന്ന് ഒട്ടെറെ സിനിമകളുടെ പോസ്റ്ററുകളിലൂടെ പി.എന്‍ മേനോന്‍ വീണ്ടും സജീവമായി. ഹിന്ദിയില്‍ അനോഖാ രിസ്താ എന്ന രാജേഷ് ഖന്നാ ചിത്രമടക്കം മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, ആവനാഴി, പൂമഠത്തെ പെണ്ണ്, ഇതാ ഇന്നു മുതല്‍, തുടങ്ങി ഒട്ടേറെ മലയാള ചിത്രങ്ങള്‍. അതിനിടയിലും ചില സിനിമകള്‍ സംവിധാനം ചെയ്തു. ഒരിക്കലും പക്ഷേ, പഴയ ആര്‍ജവം വീണ്ടെടുക്കാന്‍ അദ്ദേഹത്തിനായില്ല.

അരാജകത്വത്തിന്റെ തടവില്‍

1965മുതല്‍ 2004 വരെ മലയാള സിനിമയില്‍ നിലനിന്നു. ഇരുപത്തിമൂന്നോളം ചിത്രങ്ങള്‍. അതി്ല്‍ രണ്ടു തമിഴ് സിനിമകളും. ഗ്‌ളിംസസ് ഒഫ് കേറരള എന്ന ഒരു ഡോക്യവമെന്ററിയും. ആത്്മകഥയുമെഴുതിയിട്ടുണ്ട്. ‘വെളിച്ചത്തിന്റെ സുഗന്ധംതേടി’ . ഇതിനിടെ എഴുപതുകളുടെ അവസാനത്തോടെ സിനിമയിലുള്ള ഏകാഗ്രത ശിഥിലമായി. വ്യക്തി ജീവിതത്തില്‍ ഉണ്ടായിരുന്ന അരാജകത്വം അതിന്റെ അങ്ങേയറ്റത്തായി. പല സിനിമകളും ഉദ്ദേശിച്ച ലക്ഷ്യം കണ്ടില്ല. ചില ശീലങ്ങളും അദ്ദേഹത്തിന് സിനിമാ ജീവിതം അസാധ്യമാക്കി. അതിനകം അവാര്‍ഡുകള്‍ പലതും തേടിയെത്തിയിരുന്നു.

ദേശീയ സംസ്ഥാന ബഹുമതികള്‍ അഞ്ചെണ്ണം. ’70ല്‍ മികച്ച ചിത്രത്തിനുള്ള സംസ്ഥാന ബഹുമതി (ഓളവും തീരവും). ‘-72ല്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് ( ചെമ്പരത്തി). ‘-73ല്‍ രണ്ടാമത്തെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡും മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ ബഹുമതിയും (ഗായത്രി). ‘-83ല്‍ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡിനുള്ള സംസ്ഥാന അവാര്‍ഡും മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ ബഹുമതിയും (മലമുകളിലെ അബ്ദുള്ള). സര്‍വോപരി 39 വര്‍ഷം നീണ്ട സിനിമാ ജീവിതത്തിന് അടിവരയിട്ടു കൊണ്ട് 2001ല്‍ കേരളാ സംസ്ഥാനത്തിന്റെ ആദരം-‘ജെ.സി. ഡാനിയേല്‍ പുരസ്‌കാരം.

ഒക്കെയുണ്ടായെങ്കിലും പ്രേക്ഷക പിന്തുണ കിട്ടാതെ പോയതില്‍ മേനോന്‍ വേദനിച്ചിരുന്നിരിക്കാം. മേനോന്‍ കൊണ്ടു വന്ന ആ ദൃശ്യ സംസ്‌കാരത്തിന്, പ്രമേയങ്ങള്‍ക്ക് കാണികള്‍ വേണ്ട വണ്ണം വില നല്‍കിയില്ല എന്നൊരു വിഷമം. അവസാന സിനിമകള്‍ മേനോന്റെ ആദ്യകാല സിനിമകളുടെ ഉയര്‍ന്ന നിലയിലേക്കുയരാതെ പോയതിന് കാരണങ്ങള്‍ ഇതൊക്കെയാവാം. പി.എന്‍ മേനോന്റെ സിനിമാ സംസ്‌കാരം ഉള്‍ക്കൊള്ളാനുള്ള ഒരു ദൃശ്യ സാക്ഷരത അന്നത്തെ പ്രേക്ഷകനുണ്ടായിരുന്നില്ല എന്നതാണഅ സത്യം. സഹോദരന്റെ മകനായ ഭരതന്റെ കാലത്താണ് മേനോനു കിട്ടേണ്ടിയിരുന്ന ഒരു പ്രേക്ഷക സമൂഹം ഇവിടെ ഉണ്ടാകുന്നത്. മേനോനില്‍ പൂക്കാതെ പോയ വസന്തം ഭരതനില്‍ തളിര്‍ത്തു പൂത്തുലയുന്നതു സിനിമാ കേരളം പിന്നിടു കണ്ടു.

എങ്കില്‍ പോലും അല്‍ഷിമേഴ്‌സ് ബാധിതനായി കിടക്കയിലാകും മുമ്പ് പ്രായം അറുപതുകളിലെത്തിയിട്ടും ഒരു യുവാവിന്റെ ആവേശത്തോടെ അദ്ദേഹം സിനിമ ചെയ്തു. ജീന്‍സും അയഞ്ഞ ഷര്‍ട്ടും ധരി്ച്ചും നിരന്തരം പുക വലിച്ചും ഒരു ചെറുപ്പക്കാരനെ പോലെ ഓടി നടന്ന് സിനിമാപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. രാത്രി എത്ര മദ്യപിച്ചാലും ആ പ്രായത്തില്‍ പിറ്റേന്നു രാവിലെ ആറു മണിക്ക് മേനോന്‍ സാര്‍ ആദ്യത്തെ ഷോട്ട്എടുത്തിരി്ക്കുമെന്നും ബ്രേക്ക് ഫാസ്റ്റിനു മുന്‍പ് ആദ്യത്തെ സീന്‍ തീര്‍ത്തിരിക്കുമെന്നും അ്‌ദ്ദേഹത്തിന്റെ ഒരു ശിഷ്യന്‍ പറഞ്ഞു.

ഓര്‍മിക്കേണ്ട ചിലത്

അടുരിനെ, ജോണ്‍ എബ്രഹാമിനെ, കെ.ജി. ജോര്‍ജിനെ ഒക്കെ പോലെ പി.എന്‍ മേനോന്‍ ഒരു ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലും പോയി സിനിമയെടുക്കാന്‍ പഠിച്ചിട്ടില്ല. പലരേയും പോലെ ഏതെങ്കിലുമൊരു മാസ്റ്ററുടെ സഹായിയായി നിന്ന് സംവിധാനം പഠിച്ചിട്ടില്ല. എല്ലാം കൊള്ളാവുന്ന ഒരു അസോസിയേറ്റിനെ ഏല്‍പ്പിച്ച് സ്റ്റാര്‍ട്ടും കട്ടും മാത്രം പറഞ്ഞിരുന്ന് സംവിധായകനായിട്ടില്ല. സമാന ചിന്താഗതിക്കാരെ ഒരു മേശയ്ക്കു ചുറ്റുമിരുത്തി ഒരുമിച്ചു ചേര്‍ന്ന് സിനിമയെടുത്തിട്ടില്ല. പകരം ഏകലവ്യനെ പോലെ അങ്കവിദ്യകള്‍ ഒന്നൊന്നായി കണ്ടു പഠിച്ച് അത്് ഉള്ളിലെ ദശ്യബോധവുമായി സങ്കലനം ചെയ്ത് സ്വയം നേടിയ അറിവിലൂടെ മാത്രം സിനിമകള്‍ ചെയ്തു. പുതുകാല സിനിമകളുടെ അന്യാദൃശമായ മികവില്‍ നമ്മള്‍ രോമാഞ്ചം കൊള്ളുമ്പോള്‍ വിനയപൂര്‍വം ഓര്‍ക്കണം- നമുക്കു മുന്നേ നടന്നു പോയ ഒരാളുണ്ടായിരുന്നു. ഇപ്പോഴും നമുക്കു മുന്നിലുണ്ട് അയാളുടെ നിഴല്‍. ആര്‍ക്കും ഒരിക്കലും മായ്ക്കാനാവാത്തത്. കാലം കല്ലച്ചില്‍ എന്നോണം കോറിയിട്ടത്.