പുതുമുഖ താരങ്ങള്‍ അണിനിരക്കുന്ന 'ലാല്‍ ജോസ്', ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

പുതുമുഖ താരങ്ങളെ അണിനിരത്തി നവാഗതനായ കബീര്‍ പുഴമ്പ്രം ഒരുക്കുന്ന “ലാല്‍ ജോസ്” എന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്. മലയാളത്തിലെ പ്രമുഖ സംവിധായകനായ ലാല്‍ ജോസിന്റെ പേര് തന്നെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ എന്ന പുതുമ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കഴിഞ്ഞിരുന്നു.

666 പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹസീബ് മേപ്പാട്ട് നിര്‍മ്മിക്കുന്ന “ലാല്‍ ജോസ്” സിനിമയെയും സിനിമ പ്രവര്‍ത്തകരെയും ആരാധിച്ചു നടക്കുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലെ വഴിത്തിരിവാണ് പറയുന്നത്. സസ്‌പെന്‍സും ത്രില്ലും നിറഞ്ഞ ഫാമിലി എന്റര്‍ടൈനറായാണ് ചിത്രം ഒരുങ്ങുന്നത്. ഒട്ടേറെ വെബ് സീരിസുകളിലൂടെ ശ്രദ്ധേയനായ യുവനടന്‍ ശാരിഖ് ആണ് ചിത്രത്തില്‍ നായകന്‍.

പുതുമുഖ നടി ആന്‍ ആന്‍ഡ്രിയ ആണ് നായിക. ഭഗത് മാനുവല്‍, ജെന്‍സണ്‍, റിസബാവ, കലിങ്ക ശശി, ടോണി, മജീദ്, കലാഭവന്‍ ഹനീഷ്, വിനോദ് കെടാമംഗലം, സാലു കുറ്റനാട്, ദേവി അജിത്ത്, ദേവിക, മാളവിക, ഫജ്ത, രാജേഷ് ശര്‍മ്മ, വി.കെ. ബൈജു, ബാലതാരങ്ങളായ നിഹാര ബിനേഷ് മണി, ആദര്‍ശ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

കുടുംബ പ്രേക്ഷകരെയും യൂത്തിനെയും ഒരുപോലെ ആകര്‍ഷിപ്പിക്കുന്ന ചിത്രം സംഗീതത്തിനും ഏറെ പ്രാധാന്യം നല്‍കിയാണ് ഒരുങ്ങുന്നത്. പൊന്നാനി, ഇടപ്പാള്‍, മൂന്നാര്‍, കൊച്ചി തുടങ്ങിയ ലൊക്കേഷനുകളിലായി ഒറ്റ ഷെഡ്യൂളിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്. ധനേഷ് ഛായാഗ്രഹണവും ബിനേഷ് മണി സംഗീതവും ഒരുക്കുന്നു. ജോ പോള്‍ ആണ് ഗാനരചന.