‘ഞാനും ബിജുമേനോനും എന്നുവേണ്ട യൂണിറ്റിലെ മിക്കവരും പനിക്കാരായി’; ലാല്‍ ജോസ് ചിത്രം ‘നാല്‍പ്പത്തിയൊന്ന്’ പൂര്‍ത്തിയായി

ബിജുമേനോനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നാല്‍പ്പത്തിയൊന്നിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ലാല്‍ ജോസ് തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. ഒരു യാത്രയുടെ കഥ പറയുന്ന സിനിമ ആയതിനാല്‍ ഒരുപാട് സ്ഥലങ്ങളില്‍ ഷൂട്ടിംഗ്  ഉണ്ടായിരുന്നെന്നും, ചൂടും പൊടിയും ഷൂട്ടും സമാസമം ചേര്‍ന്നതിന്റെ ഫലമായി താനും ബിജുമേനോനും എന്നുവേണ്ട യൂണിറ്റിലെ മിക്കവരും പനിക്കാരായയെന്നും ലാല്‍ ജോസ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

‘പ്രിയപ്പെട്ടവരേ, നാല്‍പ്പത്തിയൊന്നിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ഒരു യാത്രയുടെ കഥ പറയുന്ന സിനിമയായതു കൊണ്ട് തന്നെ ഒരു പാടു സ്ഥലങ്ങളില്‍ ഷൂട്ടുണ്ടായിരുന്നു. കര്‍ണാടകത്തിലെ മടിക്കേരിയിലും വാഗമണ്ണിലും വെച്ച് ഇടയ്ക്കിടെ കോടമഞ്ഞ് ഇറങ്ങി വന്ന് ഒന്ന് വിരട്ടി. മാര്‍ച്ച് , ഏപ്രില്‍ മാസങ്ങളുടെ ചൂട് തലശ്ശേരിയിലെ ചെമ്മണ്‍ പാതകളെ പതിവുപോലെ പൊളളിച്ചു. ചൂടും പൊടിയും ഷൂട്ടും സമാസമം ചേര്‍ന്നതിന്റെ ഫലമായി ഞാനും ബിജുമേനോനും എന്നുവേണ്ട യൂണിറ്റിലെ മിക്കവരും പനിക്കാരായി.’

‘എങ്കിലും എല്ലാവരും ഒറ്റ മനസ്സോടെ ഉറച്ചു നിന്നതു കണ്ടിട്ടാകണം ഒരു നല്ല സിനിമയെ വല്ലാതെ വലയ്ക്കണ്ടെന്ന് പ്രകൃതി തീരുമാനമെടുത്തിരുന്നുവെന്ന് തോന്നുന്നു. അറിഞ്ഞ് അനുഗ്രഹിച്ച് കൂടെ നിന്ന പ്രകൃതിക്ക്, കുമാര്‍ജിയുടെ ക്യാമറയിലേക്ക് കനിഞ്ഞിറങ്ങി വന്ന് നിഴലും നിലാവും തീര്‍ത്തതിന് പ്രകൃതിയോട് ആദ്യമേ നന്ദി പറയട്ടെ. സാന്നിദ്ധ്യം കൊണ്ടും പ്രാര്‍ത്ഥന കൊണ്ടും മനസ്സു കൊണ്ടും ഒപ്പം നിന്ന ഏവര്‍ക്കും നന്ദി. കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കാം.’ ലാല്‍ ജോസ് കുറിപ്പില്‍ പറഞ്ഞു.

ചിത്രത്തില്‍ നിമിഷ സജയനാണ് നായിക. സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. കൂടാതെ കണ്ണൂരില്‍ നിന്നുള്ള നിരവധി അമച്വര്‍ കലാകാരന്മാരും സിനിമയുടെ ഭാഗമാകുന്നു. നിരവധി ലാല്‍ ജോസ് ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള ബിജു മേനോന്‍ ഇതാദ്യമായാണ് അദ്ദേഹത്തിന്റെ ചിത്രത്തില്‍ നായകനാകുന്നത്. പ്രഗീഷ് പിജിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം എസ്. കുമാര്‍. എല്‍.ജെ. ഫിലിംസാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്.