നവോത്ഥാനം പറയാനൊക്കെ എളുപ്പാ, ഇനി ഇവിടെയും കൂടെയേ വിരിയാനുള്ളു; 'നാല്പത്തിയൊന്ന്' ട്രെയിലര്‍

ബിജുമേനോനെ നായകനാക്കി ലാല്‍ ജോസ് സംവിധാനത്തിലൊരുങ്ങുന്ന നാല്പത്തിയൊന്നിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ഒരു യാത്രയുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ആണ് നാല്‍പത്തിയൊന്ന്. യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് കൂടി പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. അതിനാല്‍ തന്നെ ചിത്രം പ്രേക്ഷകകരെ ഏറെ ത്രസിപ്പിക്കും എന്നു തന്നെയാണ് ട്രെയിലര്‍ പറഞ്ഞു വയ്ക്കുന്നത്.

ഉല്ലാസ് എന്ന കഥാപാത്രത്തെയാണ് ബിജു മേനോന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ നിമിഷ സജയനാണ് നായിക. സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. കൂടാതെ കണ്ണൂരില്‍ നിന്നുള്ള നിരവധി അമേച്വര്‍ കലാകാരന്മാരും സിനിമയുടെ ഭാഗമാകുന്നു.

നിരവധി ലാല്‍ ജോസ് ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള ബിജു മേനോന്‍ ഇതാദ്യമായാണ് അദ്ദേഹത്തിന്റെ ചിത്രത്തില്‍ നായകനാകുന്നത്. പ്രഗീഷ് പിജിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം എസ്. കുമാര്‍. എല്‍.ജെ. ഫിലിംസാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്. ചിത്രം നവംബര്‍ എട്ടിന് തിയേറ്ററുകളിലെത്തും.