പൃഥ്വിരാജിന്റെ 'കടുവ'യ്‌ക്കെതിരെ കുറുവാച്ചന്‍; ചിത്രീകരണം പ്രതിസന്ധിയില്‍

പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം “കടുവ”യുടെ ചിത്രീകരണം പ്രതിസന്ധിയില്‍. പാലാ സ്വദേശിയായ കുറുവാച്ചന്‍ എന്ന ജോസ് കുരുവിനാക്കുന്നേല്‍ രംഗത്തെത്തിയതോടെയാണ് സിനിമയുടെ ചിത്രീകരണം പ്രതിസന്ധിയിലായിരിക്കുന്നത്. കടുവാക്കുന്നേല്‍ കുറുവാച്ചന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ പൃഥ്വിരാജ് വേഷമിടുന്നത്.

കഥാപാത്രത്തിന്റെ പേരിന് തന്റെ പേരുമായുള്ള സാദൃശ്യം ചൂണ്ടിക്കാട്ടിയാണ് എതിര്‍പ്പ്. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം പൃഥ്വിരാജ് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു. ഈ ഘട്ടത്തിലാണ് തന്റെ അനുമതിയില്ലാതെ സിനിമ പുറത്തിറക്കാനാവില്ലെന്ന് കുരുവിനാക്കുന്നേല്‍ കുറുവാച്ചന്‍ മാതൃഭൂമിയോട് പറഞ്ഞു.

അതേസമയം, കടുവാക്കുന്നേല്‍ കുറുവാച്ചന്‍ എന്ന കഥാപാത്രമായി സുരേഷ് ഗോപിയുടെ 250ാം ചിത്രവും ഒരുങ്ങുന്നുണ്ട്. ഇത് കുരുവിനാക്കുന്നേല്‍ കുറുവാച്ചന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ ചിത്രം പകര്‍പ്പവകാശം ലംഘിച്ചു എന്ന് ആരോപിച്ച് കടുവയുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം രംഗത്തെത്തിയിരുന്നു.

കടുവ എന്ന ചിത്രത്തിന്റെ പേരും തിരക്കഥയും പകര്‍ത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് സുരേഷ് ഗോപി ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ജിനുവിന്റെ സംവിധാന സഹായി ആയിരുന്ന മാത്യൂസ് തോമസ് പ്ലാമൂട്ടില്‍ ആണ് സുരേഷ്ഗോപി ചിത്രം സംവിധാനം ചെയ്യുന്നത്.