മമ്മൂക്കായും മാമുക്കയും തമ്മില്‍ വെറും ഒരു ദീര്‍ഘത്തിന്റെ വ്യത്യാസം മാത്രം; കുരുതി പ്രേക്ഷക പ്രതികരണം

പൃഥ്വിരാജിനെ നായകനാക്കി മനു വാര്യര്‍ സംവിധാനം ചെയ്ത ക്രൈം ത്രില്ലര്‍ ചിത്രം ‘കുരുതി’ ഡയറക്റ്റ് ഒടിടി റിലീസ് ആയാണ് പ്രൈം വീഡിയോ എത്തിച്ചിരിക്കുന്നത്. ‘കോള്‍ഡ് കേസി’നു ശേഷം പ്രൈം വീഡിയോയിലൂടെ എത്തിയിരിക്കുകയാണ്. ചിത്രത്തിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കുന്നത്. ചിത്രത്തിലെ മാമുക്കോയയുടെ പ്രകടനത്തെ നിരവധി പേരാണ് പ്രശംസിച്ചിരിക്കുന്നത്. മമ്മൂക്കായും മാമുക്കോയയും തമ്മില്‍ അഭിനയ കാര്യത്തില്‍ ഒരു ദീര്‍ഘത്തിന്റെ വ്യത്യാസം മാത്രമേ ഉള്ളുവെന്നാണ് ഒരു കമന്റ്.

ചിത്രത്തിന്റെ പ്രമേയത്തിനും പ്രശംസകള്‍ ലഭിക്കുന്നുണ്ട്. ജാതിയുടേയും സമുദായത്തിന്റെയും പേരില്‍ നടക്കുന്ന കൊള്ളരുതായ്മകള്‍ , എത്രകണ്ട് ഒരു സാമൂഹ്യ ജീവി എന്നതില്‍ നിന്ന് മനുഷ്യനെ വന്യ മൃഗങ്ങളെക്കാള്‍ നീചന്മാരാക്കുന്നു എന്നതിന്റെ ഒരു രേഖാചിത്രമാണ് ‘കുരുതി’

നേരത്തെ തിയേറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രമാണിത്. മെയ് 13ന് റിലീസ് ചെയ്യുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കോവിഡ് രണ്ടാംതരംഗത്തില്‍ തിയേറ്ററുകള്‍ അടച്ചിട്ട സാഹചര്യത്തില്‍ നിര്‍മ്മാതാവ് തീരുമാനം മാറ്റുകയായിരുന്നു. ‘കോഫി ബ്ലൂം’ എന്ന ബോളിവുഡ് ചിത്രം ഒരുക്കിയ മനു വാര്യര്‍ മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുരുതി’. സോഷ്യോ പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പൃഥ്വിരാജ് തന്നെയാണ് നിര്‍മ്മാണം. 24 ദിവസം എന്ന റെക്കോര്‍ഡ് സമയത്തിലാണ് സിനിമ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്.

അനീഷ് പല്യാല്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്. സംഗീതം ജേക്‌സ് ബിജോയ്. എഡിറ്റിംഗ് അഖിലേഷ് മോഹന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഇര്‍ഷാദ് പരാരി. പൃഥ്വിരാജിനൊപ്പം റോഷന്‍ മാത്യു, മണികണ്ഠന്‍ ആര്‍ ആചാരി, മുരളി ഗോപി, നവാസ് വള്ളിക്കുന്ന്, ഷൈന്‍ ടോം ചാക്കോ, നസ്‌ലെന്‍, ശ്രിണ്ഡ, സാഗര്‍ സൂര്യ, മാമുക്കോയ എന്നിവരും പ്രാധാന്യമുള്ള കഥാപാത്രങ്ങളായി എത്തുന്നു.