ഇത് സിനിമയുടെ പൂര്‍ണത പ്രേക്ഷകര്‍ക്ക് നഷ്ടമാക്കും; ലൊക്കേഷന്‍ സ്റ്റില്ലുകള്‍ പുറത്തുവിടരുതെന്ന അഭ്യര്‍ത്ഥനയുമായി കുറുപ്പിന്റെ അണിയറപ്രവര്‍ത്തകര്‍

ശ്രീനാഥ് രാജേന്ദ്രന്‍ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സംവിധാനം ചെയ്യുന്ന കുറുപ്പിന്റെ ഷൂട്ടിംഗ് പുരോഗമിക്കുമ്പോള്‍ ചിത്രത്തിലെ പുതിയ ലുക്കുകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിലെ ദുല്‍ഖറിന്റെ മറ്റൊരു പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ജാവയിലിരിക്കുന്ന ദുല്‍ഖറിന്റെ ലൊക്കേഷന്‍ ചിത്രമാണ് പുറത്തു വിട്ടിരിക്കുന്നത്. ഇതിനിടെ ചിത്രത്തിന്റെ ലൊക്കേഷന്‍ സ്റ്റില്ലുകള്‍ പുറത്ത് വിടരുത് എന്നാവശ്യപ്പെട്ട് അണിയറ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുകയാണ്.ചിത്രത്തിന്റെ പൂര്‍ണത പ്രേക്ഷകര്‍ക്ക് നഷ്ടപ്പെടാന്‍ ഇത് കൊണ്ട് കാരണമായേക്കും എന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

സുകുമാര കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ഈ ചിത്രത്തില്‍ ദുല്‍ഖറിന് പുറമെ ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ചിത്രം നിര്‍മ്മിക്കുന്നത് വേഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖറും എംസ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ്. ലൂക്കയുടെ ഛായാഗ്രഹകനായിരുന്ന നിമിഷ് രവി ഛായാഗ്രഹണം ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് കുമ്പളങ്ങി നൈറ്റ്സ്, വൈറസ് ചിത്രങ്ങളിലൂടെ ഈയടുത്ത് ഏറെ ശ്രദ്ധ നേടിയ സംഗീത സംവിധായകനായ സുഷിന്‍ ശ്യാമും ചിത്രത്തിന്റെ കലാസംവിധാനം കമ്മാരസംഭവത്തിലൂടെ ദേശീയ പുരസ്‌കാരം നേടിയ വിനേഷ് ബംഗ്ലാനുമാണ്.