'കുറച്ച് ഉപ്പും മുളകും കൂടി ഉണ്ടെങ്കില്‍ അടിപൊളിയാണ്'; വിശപ്പ് മാറ്റാന്‍ മഞ്ഞുവാരി കഴിച്ച് കുഞ്ചാക്കോയും ജിസ് ജോയിയും- വീഡിയോ

പാമ്പുകളെ തിന്നുന്നവരുടെ നാട്ടില്‍ ചെന്നാല്‍ നടുകഷ്ണം തിന്നണം എന്നാണല്ലോ പറയുക. അത് കൊണ്ടാവണം കാശ്മീരില്‍ വിശന്നു വലഞ്ഞ് നിന്നപ്പോള്‍ നടന്‍ കുഞ്ചാക്കോ ബോബനും സംവിധായകന്‍ ജിസ് ജോയിയും ഐസ് വാരിതിന്നത്. കുഞ്ചാക്കോ തന്നെയാണ് മഞ്ഞ് തിന്നുന്ന വീഡിയോ ആരാധകരുമായി പങ്കുവെച്ചത്.

നല്ല വിശപ്പുണ്ടെന്നു പറയുന്ന രണ്ടുപേരും മഞ്ഞു വാരി കഴിക്കുന്ന വീഡിയോയാണ് പങ്കുവച്ചത്. ജിസ്സേ വിശക്കുന്നു, വലതും കഴിച്ചാലോ? എന്ന് ചാക്കോച്ചന്‍. ഐസ് മാത്രമേ കഴിക്കാനുള്ളു എന്ന് ജിസ്. എങ്കില്‍ അതെന്ന് ചാക്കോച്ചന്‍. “മഞ്ഞണിക്കൊമ്പില്‍” എന്ന ഗാനം ഓര്‍ത്ത് ജിസും ചാക്കോച്ചനും കൂടി കിട്ടിയ സാധനം ആസ്വദിച്ച് കഴിക്കാന്‍ തുടങ്ങി. ചാക്കോച്ചന്‍ പറഞ്ഞു “ശകലം ഉപ്പും മുളകും…” ബാക്കി ജിസ് പൂരിപ്പിച്ചു “ഒരു കാരയ്ക്കയോ പേരക്കയോ പച്ചമാങ്ങയോ ഇട്ടാല്‍ അടിപൊളിയായിരിക്കും.” പിന്നെ ജിസ് ജോയിയുടെ ചോദ്യം, ആംസ്റ്റര്‍ഡാമില്‍ കഴിച്ച മഞ്ഞാണോ ഈ മഞ്ഞാണോ നല്ലത്? ഇന്ത്യയിലെ മഞ്ഞാണ് നല്ലത് എന്ന് ചാക്കോച്ചന്‍.

Read more

സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണ്ണമിയും എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷം ജിസ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം കശ്മീരില്‍ പൂര്‍ത്തിയായി. കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ചിത്രത്തിന്റെ കഥ ബോബി- സഞ്ജയ് ടീമാണ് ഒരുക്കുന്നത്. ജിസ് ജോയ് ആണ് തിരക്കഥ. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രത്തിന്റെ നിര്‍മാണം.