ചുറ്റുമുള്ളവര്‍ ശ്രദ്ധിക്കാതിരിക്കാന്‍ കുഞ്ചാക്കോ ബോബന്‍ ശാലിനിക്ക് ഒരു കോഡ് നല്‍കി; നിറത്തിന്റെ സെറ്റില്‍ 'പ്രണയസഹായി' ആയി മാറിയ നായകന്റെ കഥ

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നാണ് “നിറം”. ചിത്രം ഹിറ്റായതോടെ കുഞ്ചാക്കോ ബോബനും ശാലിനിയും പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡിയായി. നിറത്തിന്റെ സെറ്റില്‍ വച്ച് ശാലിനി നടന്‍ അജിത്തിനെ വിളിച്ച് സംസാരിക്കാറുണ്ടായിരുന്നു. ആ രസകരമായ കഥയാണ് കുഞ്ചാക്കോ ബോബന്റെ ഫാന്‍സ് പേജില്‍ എത്തിയിരിക്കുന്നത്. ഈ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

കുറിപ്പ്:

നായികാകഥാപാത്രമായ സോനയെ ഒരു പുതുമുഖത്തെ കൊണ്ട് ചെയ്യിക്കാനാണ് ആദ്യം ആലോചിച്ചിരുന്നത്. സ്‌ക്രീന്‍ ടെസ്റ്റ് നടത്തി അതിനായി ഒരു പുതുമുഖത്തെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു – അസിന്‍ തോട്ടുങ്കല്‍! അസിന്റെ ഫോട്ടോസ് കണ്ട കുഞ്ചാക്കോ, “ഈ കുട്ടി ഒരു നായികയായി വരേണ്ട സമയം ഇപ്പോള്‍ ആയിട്ടില്ലെ”ന്ന് പറഞ്ഞ് മാറ്റിവെച്ചു. അക്കാലത്തെ തന്റെ ഭാഗ്യനായിക ആയിരുന്ന ശാലിനിയോടൊപ്പമുള്ള “പ്രേം പൂജാരി” ബോക്സ് ഓഫീസില്‍ പരാജപ്പെട്ടതിനാല്‍ ശാലിനിയെ കൊണ്ട് തന്നെ നായികാകഥാപാത്രം ചെയ്യിച്ചാലോ എന്ന് ചാക്കോച്ചന്‍ ആണ് കമലിനോട് ചോദിച്ചത്.

ഒരു തമിഴ് ചിത്രത്തിന്റെ സെറ്റില്‍ ഇരുന്നാണ് ശാലിനി കമലിന്റെ സ്‌ക്രിപ്റ്റ് കേട്ടത്. ശാലിനിക്ക് മണിരത്നം ചിത്രമായ “അലൈപായുതേ”യുടെ ഓഫര്‍ വന്നു നില്‍കുന്ന സമയം ആയിരുന്നു അത്. കഥാപാത്രത്തിന്റെ ഫ്രഷ്നെസ്സ് മനസ്സിലാക്കിയ ശാലിനി പിന്നീട് മണി രത്നത്തിന്റെ ചിത്രത്തിന്റെ ഷൂട്ട് നീളുമെന്ന് അറിഞ്ഞ് കമല്‍ ചിത്രത്തിന് ഡേറ്റുകള്‍ നല്‍കി. വര്‍ഷയായി ജോമോളെയും കമല്‍ തിരഞ്ഞെടുത്തു.

അത് വരെ പ്രേക്ഷകര്‍ കണ്ട കുഞ്ചാക്കോ ബോബനും ശാലിനിയും ജോമോളും ആകരുത് ഈ ചിത്രത്തില്‍ എന്ന നിര്‍ബന്ധം കമലിന് ഉണ്ടായിരുന്നു. അനിയത്തിപ്രാവിലും എന്ന് സ്വന്തം ജാനകിക്കുട്ടിയിലും കാണാത്ത സ്മാര്‍ട്ട് ആയ അപ്പിയറന്‍സുകളില്‍ ആണ് ശാലിനിയും ജോമോളും ഈ ചിത്രത്തില്‍ എത്തിയത്. ചിത്രത്തിലെ ക്യാമ്പസ് രംഗങ്ങള്‍ ഒരു മാസത്തോളം എടുത്താണ് ഷൂട്ട് ചെയ്തത്. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജില്‍ ആയിരുന്നു അത് ചിത്രീകരിച്ചത്.

സിനിമയില്‍ വര്‍ണങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തിരുന്ന കമലിന്റെ ചിത്രത്തിന് നിറം എന്ന പേര് സജസ്റ്റ് ചെയ്തത് ശത്രുഘ്നന്‍ ആയിരുന്നു.” ..ഷൂട്ട് ബ്രേക്കില്‍ ശാലിനിയെ തേടി വന്ന ഫോണ്‍ കോള്‍. നിറത്തിന്റെ സെറ്റില്‍ ശാലിനി ജോയിന്‍ ചെയ്യുമ്പോള്‍ തമിഴ് സൂപ്പര്‍ഹീറോ അജിത് കുമാറുമായി അവര്‍ പ്രണയത്തിലായിരുന്നു. ശാലിനി ഈ കാര്യം പറഞ്ഞിരുന്നത് കുഞ്ചാക്കോ ബോബനോട് മാത്രമായിരുന്നു.

വീട്ടുകാരുടെ കണ്ണുവെട്ടിച്ച് പലപ്പോഴും അജിത്തുമായി ശാലിനി ലൊക്കേഷന്‍ ബ്രേക്കുകളില്‍ ഫോണില്‍ സംസാരിച്ചിരുന്നു. ശാലിനിയുടെ ആത്മാര്‍ത്ഥ പ്രണയത്തിന് അന്ന് ലൊക്കേഷനില്‍ സഹായിച്ച ഏക വ്യക്തി ചാക്കോച്ചന്‍ ആയിരുന്നു. കഥാപാത്രങ്ങളെ ഒത്തിരി ഇഷ്ടപ്പെട്ട ഇരുവരും ലൊക്കേഷനിലും എബി, സോനാ എന്നാണ് പരസ്പരം വിളിച്ചിരുന്നത്. ശാലിനിയെ ലൊക്കേഷനിലേക്ക് വിളിക്കുന്നത് റിസ്‌കാണെന്ന് മനസിലാക്കിയ അജിത് പിന്നീട് കുഞ്ചാക്കോ ബോബന്റെ ഫോണ്‍ നമ്പര്‍ വാങ്ങി അതിലേക്ക് വിളിക്കുമായിരുന്നു.

സെല്‍ഫോണുകള്‍ കൗതുക കാഴ്ചയായിരുന്ന അക്കാലത്ത് ചാക്കോച്ചന്റെ പഴയ എറിക്സണ്‍ ഫോണിലേക്ക് അധികവും വന്നിരുന്നത് തമിഴ് സൂപ്പര്‍സ്റ്റാര്‍ അജിത്തിന്റെ കോളുകള്‍ ആയിരുന്നു. ചുറ്റുമുള്ളവര്‍ ശ്രദ്ധിക്കും എന്ന് മനസിലാക്കിയ ചാക്കോച്ചന്‍, അജിത്തിനെ സൂചിപ്പിക്കാന്‍ ഒരു കോഡ് കണ്ടെത്തി. ഷൂട്ട് ബ്രേക്ക് വരുമ്പോള്‍ കുഞ്ചാക്കോ ശാലിനിയെ നോക്കി പറയും: “മിസ് സോന ..AK -47 കോളിംഗ്.” പലപ്പോഴും സെറ്റില്‍ ഇത് കേട്ട കമല്‍ കുഞ്ചാക്കോയില്‍ നിന്നും സൂത്രത്തില്‍ കാര്യം മനസ്സിലാക്കി വെച്ചു.

അടുത്ത ദിവസത്തെ ഷൂട്ട് ബ്രേക്കില്‍ അജിത്തിന്റെ കോള്‍ കാത്തിരുന്ന ശാലിനിയെ നോക്കി കമല്‍ ചോദിച്ചു “ഇന്ന് AK -47ന്റെ കോള്‍ വരില്ലേ?” ഇത് കേട്ട് ഞെട്ടിയ ശാലിനി ചുറ്റും നോക്കിയപ്പോള്‍ തലയില്‍ ധരിച്ച ക്യാപ് മുഖം മറച്ചുവെച്ച് ചിരിക്കുന്ന ചാക്കോച്ചനെ ആണ് കണ്ടത്…1999 ഓണത്തിന് റിലീസ് വെച്ചിരുന്ന നിറം പലതവണ റിലീസ് മാറ്റി വെച്ചപ്പോള്‍ ഓഡിയോ കാസ്സെറ്റ് ഉടമയായ ജോണി സാഗരിക ചിത്രത്തിന്റെ വിതരണ അവകാശം ഏറ്റെടുത്തു.

ഓണത്തിന് ശേഷം റിലീസ് ചെയ്ത നിറം, കുഞ്ചാക്കോ-ശാലിനി ജോഡിയുടെ വമ്പന്‍ തിരിച്ചുവരവായി മാറി . ഒരു സൂപ്പര്‍സ്റ്റാര്‍ ചിത്രത്തിന് കിട്ടേണ്ട ഇനിഷ്യല്‍ കളക്ഷന്‍ ആയിരുന്നു നിറം അന്ന് നേടിയെടുത്തത്. അനിയത്തിപ്രാവ് നിര്‍മ്മിച്ച റെക്കോഡ് നിറം ആദ്യത്തെ 10 ദിവസം കൊണ്ട് മറികടന്നു. ക്യാമ്പസുകളിലും സ്‌കൂളിലും സംസാരവിഷയമായ നിറം ഒരു മെഗാ ഹിറ്റ് ചിത്രമായി മാറി.

https://www.facebook.com/KunchackoBobanFansOnline/posts/2768890110012045