'നീ എന്നെയും കൊണ്ടേ പോവൊള്ളുവല്ലേ...'; കുമ്പളങ്ങിയിലെ 'ഊള'യെ പ്രേമിച്ച പെണ്‍കുട്ടി'- വീഡിയോ

മലയാള സിനിമയിലെ യുവ താരനിരയെ അണി നിരത്തി ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ മധു സി നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സ് മികച്ച അഭിപ്രായം നേടി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമാരംഗത്തെ പ്രമുഖരുള്‍പ്പെടെ ധാരാളം പേരാണ് സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയത്. വിജയകരമായി പ്രദര്‍ശനം തുടരുമ്പോള്‍ ചിത്രത്തിലെ ഒരു രംഗം പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ചിത്രത്തിലെ ഷെയ്ന്‍ നിഗത്തിന്റെ ബോബി എന്ന കഥാപാത്രം അന്ന ബെന്നിന്റെ ബേബി എന്ന കഥാപാത്രത്തോട് വിവാഹാഭ്യര്‍ത്ഥന നടത്തുന്ന രംഗമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഊളയെ പ്രേമിച്ച പെണ്‍കുട്ടി എന്ന തലക്കെട്ടോടെ പുറത്തുവിട്ടിരിക്കുന്ന വീഡിയോയ്ക്ക് 2.49 മിനിറ്റ് ദൈര്‍ഘ്യമുണ്ട്. രംഗം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

ചിത്രം റിലീസ് ചെയ്ത് നാലാഴ്ച കൊണ്ട് തന്നെ 28 കോടി രൂപയോളം ചിത്രം കളക്റ്റ് ചെയ്തിരുന്നു. നാലാഴ്ച കൊണ്ട് 14 കോടി രൂപയാണ് കേരളത്തില്‍ നിന്നു മാത്രം നേടിയത്. കേരളത്തില്‍ നിന്ന് മാത്രമായി ഈ വര്‍ഷം ഏറ്റവുമധികം കളക്ഷന്‍ നേടിയ സിനിമയെന്ന സവിശേഷതയും “കുമ്പളങ്ങി നൈറ്റ്സ്” സ്വന്തമാക്കുകയാണ്. ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സ്, വര്‍ക്കിംഗ് ക്ലാസ് ഹീറോ എന്നിവയുടെ ബാനറില്‍ നസ്രിയയും ഫഹദ് ഫാസിലും ദിലീഷ് പോത്തനും ശ്യാം പുഷ്‌കറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.