'കുമ്പളങ്ങി നൈറ്റ്‌സി'ന് പത്മരാജന്‍ പുരസ്‌കാരം; മികച്ച സംവിധായകന്‍ മധു സി. നാരയണന്‍

“കുമ്പളങ്ങി നൈറ്റ്‌സി”ന് വീണ്ടും അംഗീകാരം. സംവിധായകനും തിരക്കഥാകൃത്തും സാഹിത്യകാരനുമായിരുന്ന പത്മരാജന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള സിനിമാ സാഹിത്യ അവാര്‍ഡാണ് കുമ്പളങ്ങി നൈറ്റ്സിന് ലഭിച്ചിരിക്കുന്നത്. മികച്ച സംവിധായകനായി മധു സി. നാരായണന്‍, പത്മരാജന്‍ സാഹിത്യ-ചലച്ചിത്ര പുരസ്‌കാരത്തിന് അര്‍ഹനായി.

25000 രൂപയും, ശില്‍പവും, പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. സജിന്‍ ബാബുവിനാണ് മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം. “ബിരിയാണി” എന്ന ചിത്രത്തിന്റെ തിരക്കഥയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്. 15000 രൂപയും ശില്‍പവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. “ഉയരെ” എന്ന ചിത്രത്തിന്റെ തിരക്കഥയ്ക്ക് ബോബി, സഞ്ജയ് പ്രത്യേക ജൂറി പരാമര്‍ശവും നേടി.

സാറാജോസഫ് രചിച്ച “നീ “മികച്ച ചെറുകഥയ്ക്കുള്ള പുരസ്‌കാരവും നോവലിനുള്ള പ്രഥമ പത്മരാജന്‍ പുരസ്‌കാരം സുഭാഷ് ചന്ദ്രന്‍ രചിച്ച “സമുദ്രശില”യ്ക്കും ലഭിച്ചു. 2020 മെയ് 23ന് പി പദ്മരാജന്റെ 75-ആം ജന്മവാര്‍ഷിക ദിനത്തിലാണ് പുരസ്‌കാര വിതരണം നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നത്. ലോക്ഡൗണ്‍ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ പുരസ്‌കാര ചടങ്ങ് നീട്ടിവെച്ചിരിക്കുകയാണ്.