ജൂഡ് ആന്റണിയുടെയും സ്വാസികയുടെയും മറ്റൊരു ഹിറ്റ്; ട്രെന്‍ഡിംഗായി കുളിസീന്‍ 2

നീന്തല്‍ അറിയാത്ത ഭര്‍ത്താവും നീന്തിക്കുളിക്കാന്‍ ഇഷ്ടപ്പെടുന്ന ഭാര്യയുടെയും കഥ പറയുന്ന “മറ്റൊരു കടവില്‍ കുളിസീന്‍ 2” വന്‍ ഹിറ്റ്. ഒന്‍പത് ലക്ഷത്തിലധികം പേരാണ് ഈ ഷോര്‍ട്ട് ഫിലിം കണ്ടിരിക്കുന്നത്. 2013ല്‍ പുറത്തിറങ്ങിയ “കുളിസീന്‍” എന്ന ഷോര്‍ട്ട് ഫിലിമിന്റെ രണ്ടാം ഭാഗമാണിത്.

സ്വാസിക, സംവിധായകന്‍ ജൂഡ് ആന്റണി എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം രാഹുല്‍ കെ ഷാജിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. സുനില്‍ നായരാണ് നിര്‍മ്മാണം. പാഷാണം ഷാജി, മാത്തുക്കുട്ടി, ബോബന്‍ സാമുവല്‍, അല്‍താഫ് മനാഫ് തുടങ്ങിയവരും ഇതില്‍ വേഷമിട്ടിട്ടുണ്ട്.

ഭാര്യയുടെ ഈ നീന്തല്‍ക്കുളി കാരണം മന:സ്സമാധാനം നഷ്ടപ്പെടുന്ന രമേശന്‍ എന്ന ചെറുപ്പക്കാരന്‍ അത് അവസാനിപ്പിക്കാനായി ചെയ്തു കൂട്ടുന്ന സംഭവങ്ങളാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ജൂഡിന്റെയും സ്വാസികയുടെയും അഭിനയം തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം.

സുമേഷ് മധു തിരക്കഥയും സംഭാഷണവും ഒരുക്കിയ ചിത്രത്തിന് സംഗീത സംവിധായകന്‍ രാഹുല്‍ രാജാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. രാജേഷ് സുബ്രഹ്മണ്യമാണ് ക്യാമറ, കഥ രാഹുല്‍ കെ. ഷാജി, എക്‌സി.പ്രൊഡ്യൂസര്‍ ഷാജി കോമത്താട്ട്, എഡിറ്റിംഗ് അശ്വിന്‍ കൃഷ്ണ.