ബറോസ് ടീമിനൊപ്പം കേക്ക് മുറിച്ച് മോഹന്‍ലാല്‍; ചിത്രത്തിന് ക്യാമറ ചലിപ്പിക്കുക കാര്‍ബണിന്റെ ഛായാഗ്രാഹകന്‍

മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരഭമാണ് ബറോസ്. ഈസ്റ്റര്‍ ദിനത്തില്‍ ബ്ലോഗിലൂടെയാണ് ഏവരെയും ആവേശത്തിലാഴ്ത്തി മോഹന്‍ലാല്‍ ആ പ്രഖ്യാപനം നടത്തിയത്. മലയാള സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഒക്ടോബറില്‍ തുടങ്ങും. കെ.യു മോഹനനാകും ബറോസിനായി ക്യാമറ ചലിപ്പിക്കുക. തലാഷ്, ഡോണ്‍, റയീസ് എന്നീ സിനിമകളുടെ ഛായാഗ്രാഹകനായ മോഹനന്‍ അവസാനമായി മലയാളത്തില്‍ ചെയ്തത് ഫഹദ് നായകനായെത്തിയ കാര്‍ബണ്‍ ആണ്.

ബറോസിന്റെ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം കേക്ക് മുറിച്ചാണ് മോഹന്‍ലാല്‍ തന്റെ പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. “ബറോസ്സ് ഗാര്‍ഡിയന്‍ ഓഫ് ദ ഗാമാസ് ട്രഷര്‍” ആണ് ആ കഥയെന്നും വാസ്‌കോഡ ഗാമയുടെ നിധി സൂക്ഷിക്കുന്ന ബറോസ്സിന്റെ കഥ പോര്‍ച്ചുഗീസ് പശ്ചാത്തലത്തിലാണ് പറയുന്നതെന്നും നേരത്തെ മോഹന്‍ലാല്‍ പറഞ്ഞിരുന്നു. കുട്ടികള്‍ക്കും വലിയവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന സിനിമ 3ഡി ചിത്രമായിരിക്കും.

https://www.instagram.com/p/BxtmyCdDmlh/?utm_source=ig_web_copy_link

നവോദയ ജിജോ തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കും. മോഹന്‍ലാല്‍ തന്നെയാണു ചിത്രത്തില്‍ ബറോസിന്റെ വേഷത്തിലുമെത്തുന്നത്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ പ്രധാന നിര്‍മ്മാതാവ്. വിദേശ താരങ്ങള്‍ നിറഞ്ഞ ബറോസ് എന്ന സിനിമയില്‍ ബോളിവുഡ് താരങ്ങളുമുണ്ടാകും. രാജ്യത്തെ മിക്ക ഭാഷകളിലും സിനിമ ഡബ് ചെയ്യും. ഗോവയിലും പോര്‍ച്ചുഗല്‍ പോലുള്ള വിദേശ ലൊക്കേഷനുകളിലും ഷൂട്ടിങ്ങുണ്ടാവും.