'കൊത്ത്' ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി; താരങ്ങളുടെയും അണിയറപ്രവര്‍ത്തകരുടെയും കോവിഡ് ഫലം പുറത്തുവിട്ട് രഞ്ജിത്ത്

സിബി മലയിലും രഞ്ജിത്തും നീണ്ട 22 വര്‍ഷത്തിന് ശേഷം ഒന്നിക്കുന്ന “കൊത്ത്” സിനിമയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കോഴിക്കോട് നടന്ന ഒന്നാംഘട്ട ചിത്രീകരണമാണ് പൂര്‍ത്തിയായത്. ചിത്രീകരണത്തില്‍ പങ്കെടുത്ത മുഴുവന്‍ താരങ്ങള്‍ക്കും ടെക്‌നീഷ്യന്‍മാര്‍ക്കും കൊവിഡ് നെഗറ്റീവ് ആണെന്നും രഞ്ജിത്ത് ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചു.

“”നായാട്ടിന് ശേഷം ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനി ചെയ്യുന്ന “കൊത്ത്” സിബി മലയില്‍ ആണ് സംവിധാനം, ചിത്രത്തിന്റെ ഒന്നാംഘട്ട ചിത്രീകരണം കോഴിക്കോട് പൂര്‍ത്തിയായി. കൃത്യമായ കോവിഡ് നടപടി ക്രമങ്ങള്‍ പാലിച്ചായിരുന്നു ഷൂട്ടിംഗിന്റെ ആദ്യം മുതല്‍ അവസാനം വരെ നീങ്ങിയത് . ചിത്രീകരണത്തില്‍ പങ്കെടുത്ത മുഴുവന്‍ താരങ്ങള്‍ക്കും ടെക്‌നീഷ്യന്‍ മാര്‍ക്കും കൊവിഡ് നെഗറ്റീവ് ആണെന്നുള്ള ഫലത്തോടെ ആദ്യഘട്ടം അവസാനിച്ചു..”” എന്നാണ് രഞ്ജിത്തിന്റെ കുറിപ്പ്.

സെപ്റ്റംബര്‍ 4-ന് ആണ് ചിത്രം പ്രഖ്യാപിച്ചത്. ഒക്ടോബര്‍ പത്തിനാണ് ഷൂട്ടിംഗ് ആരംഭിച്ചത്. രഞ്ജിത്തും പി.എം. ശശിധരനും പങ്കാളിത്തമുള്ള പ്രൊഡക്ഷന്‍ കമ്പനിയായ ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ച്ചര്‍ കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹേമന്ത് എന്ന നവാഗത രചയിതാവാണ് തിരക്കഥ. നിഖില വിമല്‍ ആണ് ചിത്രത്തിലെ നായിക. ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രന്‍.

റോഷന്‍ മാത്യു, രഞ്ജിത്ത്, വിജിലേഷ്, സുരേഷ് കൃഷ്ണ, അതുല്‍, ശ്രീലക്ഷ്മി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. 2015-ല്‍ റിലീസ് ചെയ്ത സൈഗാള്‍ പാടുകയാണ് ആയിരുന്നു സിബി മലയില്‍ സംവിധാനം ചെയ്ത അവസാന ചിത്രം.

https://www.facebook.com/RanjithBalakrishnanOfficial/posts/204458477738497