‘ഇനിയിപ്പോ എന്ത്’; കൂടത്തായ് കഥ പറയാന്‍ രണ്ട് സിനിമകള്‍

കൂടത്തായ് കൊലപാതക പരമ്പര സിനിമയാക്കുന്നുവെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍ ഇതേ സമയം തന്നെ മറ്റൊരു സിനിമയും പ്രഖ്യാപിച്ചിരുന്നു. നടി ഡിനി ഡാനിയലും കൂട്ടരുമാണ് കൂട്ടത്തായ് എന്ന പേരില്‍ ചിത്രം പ്രഖ്യാപിച്ചത്. ഇപ്പോള്‍ ചിത്രം പ്രഖ്യാപിച്ച് ആന്റണി പെരുമ്പാവൂര്‍ രംഗത്ത് വന്നതോടെ ഇനി എന്തെന്ന അവസ്ഥയിലാണ് ഡിനിയും കൂട്ടരും.

‘കൂടത്തായ് സിനിമയുടെ ജോലികള്‍ ഔദ്യോഗികമായി ആരംഭിച്ചത് ഇന്നലെ 08-10-2019. ഇന്നലെ തന്നെ ഫെയ്സ്ബുക്കില്‍ പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നു . ഇന്ന് രാവിലെ മലയാള മനോരമയില്‍ വന്ന വാര്‍ത്ത കണ്ട് ഞെട്ടി. ഇനിയിപ്പോ എന്ത്.’ ഡിനി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കൂടത്തായ് എന്നു പേരിട്ട സിനിമയില്‍ ജോളി ആയി എത്തുന്നത് ഡിനി ഡാനിയല്‍ ആയിരുന്നു. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും പുറത്തു വിട്ടിരുന്നു. ചിത്രത്തിന്റെ സംവിധാനം റോണെക്‌സ് ഫിലിപ്പ് ആയിരുന്നു. വിജീഷ് തുണ്ടത്തില്‍ തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് അലക്‌സ് ജേക്കബ് ആണ്. സിനിമാ സീരിയല്‍ രംഗത്ത് സജീവമായ ഡിനി കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയിരുന്നു.

മോഹന്‍ലാലിനു വേണ്ടി നേരത്തേ തയ്യാറാക്കിയ കുറ്റാന്വേഷണ കഥയ്ക്കു പകരമായാണ് കൂടത്തായി കൊലപാതക പരമ്പര സിനിമയാക്കുന്നതെന്നാണ് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചത്. സിനിമയുടെ തിരക്കഥ, സംവിധാനം എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഫെബ്രുവരിയോടെ ചിത്രീകരണം തുടങ്ങും.