കോവിഡ് കാലത്ത് ചിത്രീകരിച്ച ആദ്യ മലയാള സിനിമ, ഖാലിദ് റഹ്‌മാൻ ചിത്രം പൂര്‍ത്തിയായി

‘ഉണ്ട’യ്ക്ക് ശേഷം ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. കഴിഞ്ഞ മാസമാണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. കോവിഡ് കാലത്ത് ചിത്രീകരണം പൂര്‍ത്തിയാക്കുന്ന ആദ്യ സിനിമ കൂടിയാണിത്. ഷൈന്‍ ടോം ചാക്കോ, രജിഷ വിജയന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്നത്.

ചിത്രത്തിന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനും സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസും ചിത്രീകരണം പൂര്‍ത്തിയായ വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു.

”ഈ മഹാമാരിയുടെ കാലത്ത് സര്‍ക്കാരിന്റെ എല്ലാ പ്രൊട്ടോക്കോളും അനുസരിച്ച് ഒരു സിനിമ നിര്‍മ്മിക്കാന്‍ ഞങ്ങളുടെ ടീം ധൈര്യത്തോടെ മുന്നോട്ടു പോയി. ദൈവകൃപയാല്‍ ഷൂട്ടിംഗ് പൂര്‍ത്തിയായി. ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ ഞങ്ങളുടെ കൂടെ നിന്ന എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു…” എന്നാണ് ആഷിഖ് ഉസ്മാന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

During this pandemic time our team went ahead boldly to make a movie following the government protocols . By God’s grace…

Posted by Ashiq Usman on Tuesday, July 14, 2020

”കോവിഡ് മഹാമാരി കാലത്തെ ആദ്യ സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി. എല്ലാ സര്‍ക്കാര്‍ നിര്‍ദേശങ്ങളും പാലിച്ചു കൊണ്ട് ആരംഭിച്ച ഷൂട്ടിംഗ് ശുഭമായി പര്യവസാനിച്ചിരിക്കുന്നു എന്നത് പ്രതീക്ഷകള്‍ നല്‍കുന്ന കാര്യമാണ്.. അഞ്ചാം പാതിരായ്ക്ക് ശേഷം ആഷിക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഖാലിദ് റഹ്‌മാനാണ്.. ഷൈന്‍ ടോം, രജിഷ വിജയന്‍, സുധി കോപ്പ തുടങ്ങിയവര്‍ അഭിനയിക്കുന്നു. Congrats dears for achieving this milestone..” എന്നാണ് മിഥുന്‍ മാനുവല്‍ തോമസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

കോവിഡ് മഹാമാരി കാലത്തെ ആദ്യ സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയായി.❤️❤️ എല്ലാ സർക്കാർ നിർദേശങ്ങളും പാലിച്ചു കൊണ്ട് ആരംഭിച്ച…

Posted by Midhun Manuel Thomas on Tuesday, July 14, 2020

ഖാലിദ് റഹ്‌മാൻ തന്നെ രചനയും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ വീണ നന്ദകുമാര്‍, സുധി കോപ്പ, ഗോകുലന്‍, ജോണി ആന്റണി എന്നിവരും അഭിനയിക്കുന്നു. ഛായാഗ്രഹണം ജിംഷി ഖാലിദ്. സംഗീതം യക്‌സന്‍ ഗാരി പെരേര, നേഹ നായര്‍ നിര്‍വ്വഹിക്കുന്നു.