തിരക്കഥ എന്റേത് മാത്രം; യവനിക വിവാദത്തിന് കെ. ജി ജോര്‍ജ്ജിന്റെ മറുപടി

യവനികയുടെ തിരക്കഥയെ സംബന്ധിച്ചുള്ള വിവാദത്തില്‍ പ്രതികരണവുമായി സംവിധായകന്‍ കെ ജി ജോര്‍ജ്ജ്. സിനിമയുടെ തിരക്കഥ തന്റേത് മാത്രമാണ് . സംഭാഷണം മാത്രമാണ് എസ്എല്‍ പുരം സദാനന്ദന്‍ എഴുതിയതെന്നും കെജി ജോര്‍ജ് ഏഷ്യാനെറ്റുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു. 1982- ല്‍ പുറത്തിറങ്ങിയ സിനിമയുടെ തിരക്കഥാകൃത്തായിരുന്ന എസ്എല്‍പുരം സദാനന്ദന്റെ പേര് ചിത്രത്തിന്റെ യൂട്യൂബില്‍ അടക്കമുള്ള പുതിയ പതിപ്പുകളില്‍ നിന്ന് ഒഴിവാക്കിയെന്ന പരാതിയുമായി അദ്ദേഹത്തിന്റെ കുടുംബം രംഗത്തെത്തിയതോടെയാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

പ്രശസ്തിക്ക് വേണ്ടി സംവിധായകന്‍ കെജി ജോര്‍ജ്ജ് നടത്തിയ നീക്കമാണ് ഇതിനു പിന്നിലെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. എന്നാല്‍ ഈ ആരോപണങ്ങളെ തള്ളുകയാണ് കെ ജി ജോര്‍ജ്ജ്. തിരക്കഥ തന്റേത് മാത്രമാണെന്നും സംഭാഷണം ഒരുക്കാന്‍ എസ്എല്‍ പുരം സദാനന്ദനെ താന്‍ നേരിട്ട് സമീപിക്കുകയാണുണ്ടായതെന്നും കെ.ജി ജോര്‍ജ്ജ് പറയുന്നു.

13 വര്‍ഷങ്ങള്‍ക്ക് മുമ്പ് യവനികയുടെ തിരക്കഥ പുസ്തകമായി ഇറങ്ങിയപ്പോഴും എസ്.എല്‍. പുരത്തിന്റെ പേര് ഒഴിവാക്കിയതിനെചൊല്ലി വിവാദം ഉയര്‍ന്നിരുന്നു. എന്നാല്‍ അന്ന് തന്നെ കാര്യങ്ങളെല്ലാവരെയും ധരിപ്പിച്ചിരുന്നായി കെ.ജി ജോര്‍ജ്ജ് വ്യക്തമാക്കി.