പ്രളയ സാന്ത്വനം; അബ്ദുള്‍ റസാഖിന്റെ കുട്ടികളുടെ വിദ്യാഭ്യാസ ചിലവ് ഏറ്റെടുത്ത് മോഹന്‍ലാല്‍

പ്രളയത്തില്‍ മലപ്പുറത്ത് വെള്ളക്കെട്ടില്‍ വീണ കുട്ടികളെ രക്ഷിച്ച് കരക്കെത്തിച്ച ശേഷം മരണത്തിനു കീഴടങ്ങിയ അബ്ദുള്‍ റസാഖിന്റെ കുട്ടികളുടെ വിദ്യാഭ്യാസം ചിലവ് ഏറ്റെടുത്ത് നടന്‍ മോഹന്‍ലാല്‍. താന്‍ ചെയര്‍മാനായുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍ വഴിയാണ് മോഹന്‍ലാലിന്റെ സഹായം. മോഹന്‍ലാലിന്റെ നിര്‍ദേശപ്രകാരം അബ്ദുല്‍ റസാഖിന്റെ കുടുംബത്തെ സന്ദര്‍ശിച്ച വിശ്വശാന്തിയുടെ ഡയറക്ടര്‍ മേജര്‍ രവിയാണ് ഇക്കാര്യം അറിയിച്ചത്.

പതിനൊന്നാം ക്ലാസിലും ഒന്‍പതാം ക്ലാസിലും പഠിക്കുന്ന റസാഖിന്റെ കുട്ടികളുടെ ഡിഗ്രി വരെയുള്ള പഠന ചെലവുകളാണ് വിശ്വശാന്തി ഫൗണ്ടേഷന്‍ ഏറ്റെടുത്തിരിക്കുന്നത്. അടിയന്തര സാമ്പത്തിക സഹായമായി ഒരു ലക്ഷം രൂപയുടെ ചെക്കും റസാഖിന്റെ കുടുംബത്തിന് കൈമാറി. കുട്ടികളെ ഫോണിലൂടെ വിളിച്ചു മോഹന്‍ലാല്‍ ആശ്വസിപ്പിക്കുകയും ചെയ്തു.

razak-major
നേരത്തെ കോഴിക്കോട് കുണ്ടായിത്തോടില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച ലിനുവിന്റെ കുടുംബത്തിനും മോഹന്‍ലാല്‍ സഹായവുമായി രംഗത്ത് വന്നിരുന്നു. ലിനുവിന്റെ കുടുംബത്തിന് വിശ്വശാന്തി ഫൗണ്ടേഷന്‍ വീട് നിര്‍മ്മിച്ചു നല്‍കും.