'ഒന്നിച്ചു നില്‍ക്കുകയല്ലാതെ മറ്റൊരു മാര്‍ഗവും നമുക്ക് മുന്നിലില്ല'; സഹായഹസ്തവുമായി ഡബ്യു.സി.സിയും 

പ്രളയദുരിതം പേറുന്ന കേരളത്തിന് സഹായഹസ്തവുമായി മലയാള സിനിമയിലെ വനിത കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവും രംഗത്ത്. കൊച്ചിയില്‍ കലൂര്‍ സ്റ്റേഡിയത്തിനടുത്തുള്ള മാമാങ്കം സ്റ്റുഡിയോയിലാണ് ഡബ്യുസിസിയുടെ കളക്ഷന്‍ പോയിന്റ്. തിങ്കളാഴ്ച രാവിലെ തുടങ്ങിയ കളക്ഷന്‍ പോയിന്റ് വഴി ഇതിനകം നിരവധി സാധനങ്ങള്‍ ശേഖരിച്ച് ക്യാമ്പുകളിലേക്കായി കൈമാറിയിട്ടുണ്ട്.

“2019 ല്‍ കേരളം വലിയ ഒരു ദുരന്തമുഖത്ത് നില്‍ക്കുന്ന സമയമാണ്. നമ്മള്‍ ഒന്നിച്ചു നില്‍ക്കുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവും നമ്മുടെ മുന്നിലില്ല. ഡബ്യുസിസി അംഗങ്ങള്‍ എല്ലാവിധ സഹായവുമായി രംഗത്തുണ്ട്. അതുകൊണ്ട് മാത്രം ഒന്നുമാവില്ല. എല്ലാവരും എത്ര ചെറുതാണെങ്കിലും നമുക്ക് കഴിയുന്ന രീതിയില്‍ സഹായങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുക. വൈകിട്ട് എട്ടുമണി വരെ മാമാങ്കത്തില്‍ സഹായങ്ങള്‍ സ്വീകരിക്കുന്നുണ്ട്. എല്ലാവരും ഒന്നിച്ച് നിന്ന് ഈ ദുരിതത്തെ മറികടക്കാം.” എന്ന് നടി റിമ കല്ലിങ്കല്‍ പറഞ്ഞു.

ഇന്ദ്രജിത്തിന്റെയും പൂര്‍ണ്ണിമയുടെയും നേതൃത്വത്തിലുള്ള അന്‍പൊട് കൊച്ചിയും സഹാസഹസ്തവുമായി രംഗത്ത് ഉണ്ട്. വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ പ്രളയദുരിതം അനുഭവിക്കുന്നവര്‍ക്കായി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 55 ടണ്ണോളം സാധനങ്ങളാണ് അന്‍പൊട് കൊച്ചി വിതരണത്തിനായി ജില്ലാ ഭരണകൂടങ്ങള്‍ക്ക് കൈമാറിയത്.