തെലുങ്കില്‍ കീര്‍ത്തിയ്ക്ക് തിരക്കേറുന്നു; ഇനി നാഗ ചൈതന്യയുടെ നായിക

സൗത്ത് ഇന്ത്യന്‍ സിനിമാലോകത്ത് കുറച്ചു കാലം കൊണ്ട് തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് കീര്‍ത്തി സുരേഷ്. കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പാണ് കീര്‍ത്തിയെ ശരവേഗത്തില്‍ സൗത്ത് ഇന്ത്യന്‍ സിനിമാലോകത്ത് മുന്‍പന്തിയിലെത്തിച്ചത്. ഇപ്പോളിതാ കീര്‍ത്തിയ്ക്ക് തെലുങ്കില്‍ തിരക്കേറുകയാണ്. നാഗചൈതന്യ നായകനാകുന്ന ബംഗാര്‍ രാജു എന്ന ചിത്രത്തില്‍ കീര്‍ത്തി നായികയായേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

സൊഗ്ഗഡേ ചിന്നി നയന എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ബംഗാര്‍ രാജു. കല്യാണ്‍ കൃഷ്ണ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നാഗ ചൈതന്യയുടെ നായികയാകാനുള്ള ഓഫറിന് കീര്‍ത്തി ഇതുവരെ സമ്മതം മൂളിയിട്ടില്ലെന്നാണ് വിവരം. അന്നപൂര്‍ണ സ്റ്റുഡിയോസിന്റെ ബാനറില്‍ നാഗാര്‍ജുനയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

അതേസമയം, ആദ്യ ബോളിവുഡ് ചിത്രത്തിനു വേണ്ടി വലിയ തയാറെടുപ്പിലാണ് കീര്‍ത്തി സുരേഷ്. ചിത്രത്തിനായി ശരീരഭാരം കുറച്ച് മെലിഞ്ഞ ഗെറ്റപ്പിലാകും നടി എത്തുക. കീര്‍ത്തിയുടെ ഞെട്ടിക്കുന്ന മേക്കോവറാണ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. അജയ് ദേവ്ഗണ്‍ പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രത്തിലൂടെയാണ് കീര്‍ത്തിയുടെ ബോളിവുഡ് അരങ്ങേറ്റം. ചിത്രത്തില്‍ അജയ് ദേവ്ഗണിന്റെ ഭാര്യയായാകും കീര്‍ത്തി എത്തുക. “ബധായി ഹോ” സംവിധായകന്‍ അമിത് ശര്‍മ ഒരുക്കുന്ന ചിത്രം സ്‌പോര്‍ട്‌സ് ഡ്രാമയാണ്.