നയന്‍താരയ്ക്കു പിന്നാലെ സഹപ്രവര്‍ത്തകര്‍ക്ക് മനംമയക്കും സമ്മാനം നല്‍കി കീര്‍ത്തി സുരേഷും

കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ശ്രീരാമരാജ്യം എന്ന തന്റെ ചിത്രത്തിലെ യൂണിറ്റ് അംഗങ്ങള്‍ക്ക് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര വാച്ചുകള്‍ സമ്മാനമായി നല്‍കിയിരുന്നു. ഇപ്പോഴിതാ ആ പാത പിന്തുടര്‍ന്ന് കീര്‍ത്തി സുരേഷും രംഗത്തെത്തിയിരിക്കുന്നു. തന്റെ പുതിയ ചിത്രം മഹാനടിയിലെ സഹപ്രവര്‍ത്തകര്‍ക്ക് സ്വര്‍ണ്ണനാണയങ്ങളാണ് നടി സമ്മാനമായി നല്‍കിയത്. എന്നാല്‍ ഈ പ്രത്യേക സമ്മാനത്തിന് പിന്നില്‍ മറ്റൊരു ചരിത്രവുമുണ്ട്.

മഹാനടി മുന്‍കാല തെന്നിന്ത്യന്‍ നടിയായിരുന്ന സാവിത്രിയുടെ ജീവിതകഥയാണ് പറയുന്നത്. സിനിമയില്‍ സാവിത്രിയായാണ് കീര്‍ത്തി വേഷമിടുന്നത്. തന്റെ സിനിമയുടെ സെറ്റിലുള്ളവര്‍ക്ക്സമ്മാനമായി സ്വര്‍ണ്ണനാണയങ്ങള്‍ വിതരണം ചെയ്യുന്ന ശീലം സാവിത്രിയ്ക്കുണ്ടായിരുന്നു. ഇതിന്റെ അനുസ്മരണമായാണ് കീര്‍ത്തി സുരേഷ് സമ്മാനം നല്‍കിയെതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ സാവിത്രിയുടെ ഭര്‍ത്താവും പ്രശസ്ത നടനുമായ ജെമിനി ഗണേശനെ അവതരിപ്പിക്കുന്നത് ദുല്‍ഖര്‍ സല്‍മാനാണ്. പ്രകാശ് രാജ്, വിജയ് ദേവരക്കൊണ്ട, സമാന്ത  എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.