സൂപ്പര്‍ താരങ്ങളുടെ സഹോദരി ആകാന്‍ കോടികള്‍ വാങ്ങി കീര്‍ത്തി സുരേഷ്?

നടി കീര്‍ത്തി സുരേഷിന്റെ പ്രതിഫലത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ദേശീയ അവാര്‍ഡ് ലഭിച്ചതോടെ നിരവധി അവസരങ്ങളാണ് താരത്തെ തേടിയെത്തുന്നത്. കീര്‍ത്തി അഭിനയിച്ച ചില സിനിമകള്‍ പരാജയപ്പെട്ടതോടെ ഇനി സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ബുദ്ധിപൂര്‍വ്വം നീങ്ങാനാണ് താരത്തിന്റെ തീരുമാനം.

എന്നാല്‍ കീര്‍ത്തി കൂടുതലും സഹോദരി വേഷങ്ങള്‍ സ്വീകരിക്കുന്നു എന്ന വസ്തുതയാണ് ഇപ്പോള്‍ സിനിമാ ലോകത്തുള്ള പലരെയും ഞെട്ടിപ്പിച്ചിരിക്കുന്നത്. റേറ്റിംഗ് കൂടുതലുള്ള നായികമാര്‍ സഹോദരി വേഷങ്ങള്‍ ചെയ്യാന്‍ സമ്മതിക്കാറില്ല. എന്നാല്‍ സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളില്‍ കീര്‍ത്തി സഹോദരിയായി അഭിനയിക്കാന്‍ ഒരുങ്ങുകയാണ്.

മെഹര്‍ രമേശ് സംവിധാനം ചെയ്യുന്ന മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ ഭോല ശങ്കര്‍ എന്ന ചിത്രത്തില്‍ കീര്‍ത്തി സഹോദരിയുടെ വേഷത്തില്‍ എത്തും. സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ അണ്ണാത്തെ എന്ന ചിത്രത്തില്‍ കീര്‍ത്തി താരത്തിന്റെ മകളായി എത്തും എന്നാണ് ആദ്യം എത്തിയ റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ രജനികാന്തിന്റെ സഹോദരിയായി എത്തുമെന്നുള്ള റിപ്പോര്‍ട്ടുകളും ചര്‍ച്ചകളില്‍ നിറയുന്നുണ്ട്. ഈ ചിത്രത്തിനായി 2.5 കോടി രൂപയാണ് കീര്‍ത്തിയുടെ പ്രതിഫലം എന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. മീന, ഖുശ്ബു എന്നീ താരങ്ങളും അണ്ണാത്തെയില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.