കീര്‍ത്തി സുരേഷ് ബോളിവുഡിലേക്ക്; സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രത്തില്‍ നായകന്‍ അജയ് ദേവ്ഗണ്‍

സൗത്ത് ഇന്ത്യന്‍ സിനിമ ലോകത്ത് കുറച്ചു കാലം കൊണ്ട് തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് കീര്‍ത്തി സുരേഷ്. കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പാണ് കീര്‍ത്തിയെ ശരവേഗത്തില്‍ സൗത്ത് ഇന്ത്യന്‍ സിനിമ ലോകത്ത് മുന്‍പന്തിയിലെത്തിച്ചത്. ഇപ്പോളിതാ മലയാളവും തമിഴും തെലുങ്കും കന്നഡയും കടന്ന് ബോളിവുഡില്‍ അരങ്ങേറാന്‍ ഒരുങ്ങുകയാണ് കീര്‍ത്തി. അജയ് ദേവ്ഗണിന്റെ നായികയയാണ് കീര്‍ത്തിയുടെ ബോളിവുഡ് അരങ്ങേറ്റം.

‘ബധായി ഹോ’ സംവിധായകന്‍ അമിത് ശര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്‌പോര്‍ട്‌സ് ഡ്രാമ വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രം ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകത്തെ അതികായനായ സയിദ് അബ്ദുള്‍ രഹീമിന്റെ ജീവചരിത്രം പ്രമേയമാക്കിയുള്ളതാണ്. അജയ് സയിദിന്റെ വേഷത്തിലെത്തുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യയായി കീര്‍ത്തി അഭിനയിക്കും. ബോണി കപൂറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

1950-63 കാലഘട്ടങ്ങളില്‍ ഇന്ത്യയുടെ ഫുട്‌ബോള്‍ കോച്ച് ആയിരുന്നു സയിദ്. ചിത്രം പ്രീ പ്രൊഡക്ഷന്റെ അവസാന ഘടത്തിലാണ്. മഹാനടിയിലെ പ്രകടനം തെന്നിന്ത്യയില്‍ കീര്‍ത്തിയുടെ താരമൂല്യം ഉയര്‍ത്തിയിട്ടുണ്ട്. മുരുഗദോസിന്റെ രജിനികാന്ത് ചിത്രത്തിലും കീര്‍ത്തിയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. മുരുഗദോസിന്റെ സര്‍ക്കാറിലും കീര്‍ത്തി നായികയായിരുന്നു.