കാഴ്ച്ചക്കാരായി കവളപ്പാറയിലേക്ക് പോവാതിരിക്കുക എന്നതാണ് ഈ സമയത്തെ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനം: അഭ്യര്‍ത്ഥനയുമായി സണ്ണി വെയ്ന്‍

ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ട മേപ്പാടിയിലും കവളപ്പാറയിലും കാഴ്ച്ചക്കാര്‍ രക്ഷാപ്രവര്‍ത്തനത്തിന് വിലങ്ങുതടിയാവുകയാണ്. ഒരു പ്രദേശം മുഴുവന്‍ ഒലിച്ചു പോയ സംഭവസ്ഥലം നേരിട്ടു കാണാനായി നിരവധിയാളുകളാണ് വാഹനങ്ങളിലും മറ്റുമായി ഇവിടേയ്ക്ക് എത്തുന്നത്. ഇതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്കുള്ള വാഹനങ്ങള്‍ പോലും പലയിടത്തും കുടുങ്ങി കിടക്കുന്ന അവസ്ഥയാണുള്ളത്. ഇത് ചൂണ്ടിക്കാട്ടി കാഴ്ച്ചക്കാരായി കവളപ്പാറയിലേക്ക് പോവാതിരിക്കു എന്ന അഭ്യര്‍ത്ഥനയുമായി രംഗത്ത് വന്നിരിക്കുകയാണ് നടന്‍ സണ്ണി വെയ്ന്‍.

“കവളപ്പാറയിലേക്ക് ആളുകളുടെ ഒഴുക്കാണ്, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി അല്ല കെട്ടോ, ലീവ് ആയത് കൊണ്ട് ഉരുള്‍പൊട്ടിയ സ്ഥലം കാണാന്‍ വന്നവരാണത്രെ. ഇവരെ കൊണ്ടും ഇവര് വന്ന വാഹനങ്ങളെ കൊണ്ടും രക്ഷാപ്രവര്‍ത്തകര്‍ക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ട് ചില്ലറയല്ല, കിലോമീറ്റര്‍ കണക്കിന് ബ്ലോക്കാണ്, ആംബുലന്‍സ് ഉള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തകരുടെ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു. കാഴ്ച്ചക്കാരായി കവളപ്പാറയിലേക്ക് പോവാതിരിക്കുക എന്നതാണ് ഈ സമയത്തെ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനം.” സണ്ണി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ 63 പേരില്‍ നാലുപേര്‍ തിരിച്ചെത്തിയതോടെ 59 പേര്‍ അപകടത്തില്‍ പെട്ടു എന്നാണ് കണക്ക്. 44 വീടുകളാണ് ഒറ്റ രാത്രി കൊണ്ട് മണ്ണിനടിയിലായത്. 50 അടിയോളം ഉയരത്തില്‍ മണ്ണ് അടിഞ്ഞതിനാല്‍ രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌കരമാണ്.