പശു എന്ന വാക്ക് ഉച്ചരിക്കാന്‍ പാടില്ല, രാജ്യാന്തര സൗഹൃദത്തെ ബാധിക്കും; മലയാള ചിത്രത്തിനെതിരെ വിചിത്ര നിര്‍ദ്ദേശങ്ങളുമായി സെന്‍സര്‍ ബോര്‍ഡ്

കാറ്റ്, കടല്‍, അതിരുകള്‍ എന്ന മലയാള ചിത്രത്തിന് വിചിത്രനിര്‍ദ്ദേശങ്ങളുമായി സെന്‍സര്‍ബോര്‍ഡ്. രോഹിങ്ക്യന്‍, തിബറ്റന്‍ അഭയാര്‍ത്ഥികളുടെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം, അവരുടെ ക്യാമ്പുകളില്‍ നിന്നുള്ള യഥാര്‍ത്ഥ ദൃശ്യങ്ങളാണ് പകര്‍ത്തിയിരിക്കുന്നത്. ഇതിനുവേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഒരുപക്ഷേ ആദ്യമായിട്ടാണ് അഭയാര്‍ത്ഥികളുടെ ജീവിത സാഹചര്യങ്ങള്‍ വ്യക്തമാക്കുന്ന ഒരു ചിത്രം വരുന്നത്.

അഭയാര്‍ത്ഥികളെ അതിക്രമിച്ചു കയറിയവരായി ചിത്രീകരിക്കുന്ന ഒരുവിഭാഗത്തിന് ഇതൊട്ടും ദഹിക്കണമെന്നില്ല, അതാണ് സെന്‍സര്‍ ബോര്‍ഡിന്റെ ഭാഗത്ത് നിന്നുണ്ടായ നീക്കങ്ങള്‍ സൂചിപ്പിക്കുന്നത്- ചിത്രത്തിന്റെ തിരക്കഥാകൃത്ത് കെ സജിമോന്‍ സമകാലിക മലയാളവുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

സെന്‍സര്‍ ബോര്‍ഡിന്റെ കത്രിക വയ്ക്കലുകള്‍ക്കെല്ലാം ഒടുവില്‍ കാറ്റ്, കടല്‍, അതിരുകള്‍ ഈ വരുന്ന 31ന് തീയേറ്ററുകളിലെത്തുകയാണ്. സ്വന്തം നാട്ടില്‍ നിന്ന് ജീവനും ജീവിതവും കയ്യില്‍പ്പിടിച്ചോടിയ ഒരു ജനത രക്ഷ തേടി എത്തിയ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് അനുഭവിക്കുന്ന യാതനകളുടെ നേര്‍സാക്ഷ്യമാണ് കാറ്റ് കടല്‍ അതിരുകള്‍ ചര്‍ച്ച ചെയ്യുന്നത്.