മാസ് ലുക്കില്‍ ധനുഷ്, ഒപ്പം ഗ്യാങ്‌സ്റ്ററായി ജോജുവും; ജഗമേ തന്തിരം മോഷന്‍ പോസ്റ്റര്‍

ധനുഷ് നായകനാകുന്ന കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. “ജഗമേ തന്തിരം” എന്നാണ് ചിത്രത്തിന്റെ പേര്. ഗ്യാങ്സ്റ്റര്‍ വേഷത്തിലാണ് ധനുഷ് ചിത്രത്തില്‍ എത്തുന്നത്. ബിഗ് ബജറ്റില്‍ ഒരുക്കിയിരിക്കുന്ന സിനിമയില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായിക. നടന്‍ ജോജു ജോര്‍ജും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നു.

ധനുഷിന്റെ നാല്‍പതാമത്തെ ചിത്രമാണിത്. ലണ്ടനിലെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ നിന്ന് ഐശ്വര്യയ്ക്കും ധനുഷിനും സംവിധായകനുമൊപ്പമുള്ള സെല്‍ഫി ജോജു നേരത്തെ പങ്കുവെച്ചിരുന്നു. ഗ്യാങ്സ്റ്റര്‍ ത്രില്ലറായ ഒരുക്കുന്ന ചിത്രത്തില്‍ ഹോളിവുഡ് താരം ജയിംസ് കോസ്‌മോയും അഭിനയിക്കുന്നുണ്ട്. “ഗെയിം ഓഫ് ത്രോണ്‍സി”ല്‍ ലോര്‍ഡ് കമാന്‍ഡര്‍ മൊര്‍മോണ്ട് ആയി തിളങ്ങിയ താരമാണ് കോസ്‌മോ.

ശ്രേയാസ് കൃഷ്ണ ഛായാഗ്രഹണം. എഡിറ്റിങ് വിവേക് ഹര്‍ഷന്‍. സംഗീതം സന്തോഷ് നാരായണന്‍. വൈ നോട്ട് സ്റ്റുഡിയോസും റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് നിര്‍മാണം. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ആന്റോ ജോസഫ് ഫിലിം കമ്പനിക്കാണ്. മെയ് ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തും.