രൗദ്ര ഭാവത്തില്‍ കാര്‍ത്തി; 'സുല്‍ത്താന്‍' ഫസ്റ്റ്‌ലുക്കിന് ആശംസകളുമായി രശ്മികയും ഹരീഷ് പേരടിയും

നടന്‍ കാര്‍ത്തി നായകനാകുന്ന “സുല്‍ത്താന്‍” സിനിമയുടെ ഫസ്റ്റ്‌ലുക്ക് പുറത്ത്. രൗദ്ര ഭാവത്തില്‍ ചാട്ടയുമായി നില്‍ക്കുന്ന കാര്‍ത്തിയെയാണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുക. ആക്ഷന്‍ ത്രില്ലറായാണ് സുല്‍ത്താന്‍ ഒരുങ്ങുന്നത്. ഭാഗ്യരാജ് കണ്ണന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് സുല്‍ത്താന്‍.

നടി രശ്മിക മന്ദാന ആണ് ചിത്രത്തിലെ നായിക. ആക്ഷനും വൈകാരികതയും കോര്‍ത്തിണക്കിയ ഒരു വൈഡ് കാന്‍വാസ് ചിത്രമാണ് സുല്‍ത്താന്‍. അടുത്ത വര്‍ഷമാണ് ചിത്രം റിലീസിനെത്തുക. സുല്‍ത്താന് ആശംസകളുമായി നടന്‍ ഹരീഷ് പേരടിയും രംഗത്തെത്തിയിട്ടുണ്ട്.

“”കൈതിയുടെ തകര്‍പ്പന്‍ വിജയത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍..പ്രേക്ഷക മനസ്സിലെ വിജയം ആവര്‍ത്തിക്കാന്‍ ഞങ്ങളുടെ “സുല്‍ത്താന്‍ ” വരുന്നു…കൈതിക്കും തമ്പിക്കും ശേഷം തമിഴ് സിനിമയുടെ സുല്‍ത്താനോടൊപ്പം വീണ്ടും..”” എന്നാണ് കാര്‍ത്തിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഹരീഷ് പേരടി കുറിച്ചത്.

കൈതി, തമ്പി എന്നീ ചിത്രങ്ങളിലും കാര്‍ത്തിക്കൊപ്പം ഹരീഷ് പേരടി അഭിനയിച്ചിരുന്നു. അതേസമയം, “”നിങ്ങളുടെ ലുക്ക് ഭയാനകമാണ്”” എന്നാണ് രശ്മിക മന്ദാന പോസ്റ്റര്‍ പങ്കുവെച്ച് കുറിച്ചിരിക്കുന്നത്.