റിലീസിന് മുമ്പേ ഡിയര്‍ കോമ്രേഡിന്റെ റീമേക്ക് അവകാശം കരണ്‍ ജോഹറിന്; വിജയ് ദേവരകൊണ്ടയുടെ ബോളിവുഡ് അരങ്ങേറ്റത്തിന് കളമൊരുങ്ങുന്നു

വിജയ് ദേവരക്കൊണ്ട നായകനായെത്തുന്ന ഡിയര്‍ കോമ്രേഡ് ജൂലൈ 26ന് തീയേറ്ററുകളിലെത്തുകയാണ്. തെലുങ്കിന് പുറമേ തമിഴ്, മലയാളം ഭാഷകളിലും എത്തുന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുകയാണ് സംവിധായകന്‍ കരണ്‍ ജോഹര്‍. ട്വിറ്ററിലൂടെയാണ് കരണ്‍ ജോഹര്‍ ഈ ചിത്രം റീമേക്ക് ചെയ്യുന്ന വിവരം പുറത്ത് വിട്ടത്.

സിനിമ കാണാന്‍ സാധിച്ചതിലുള്ള സന്തോഷം പങ്കുവെച്ച അദ്ദേഹം ചിത്രത്തിന്റെ സംവിധായകനെയും, നായകന്‍ വിജയ് ദേവര്‍ക്കൊണ്ടയെയും അഭിനന്ദിച്ചു. വളരെ ശക്തമായ ലവ് സ്റ്റോറിയും സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് സിനിമ കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

മൈത്രി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനി, വൈ. രവിശങ്കര്‍, മോഹന്‍, യഷ് രങ്കിനേനി എന്നിവര്‍ നിര്‍മ്മിച്ച് ഭരത് കമ്മ കഥയും സംവിധാനവും കൈകാര്യം ചെയ്യുന്ന ചിത്രമാണ് ഡിയര്‍ കോമ്രേഡ്. രാഷ്മിക മന്ദാനയാണ് നായികയായെത്തുന്നത്. മലയാളിയായ ശ്രുതി രാമചന്ദ്രനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ജസ്റ്റിന്‍ പ്രഭാകരനാണ് സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. 2018 മെയ് മാസത്തില്‍ അനൗണ്‍സ് ചെയ്യപ്പെട്ടതിന് പിന്നാലെ ഇത് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ അമല്‍ നീരദ് ചിത്രം ‘സിഐഎ കോമ്രേഡ് ഇന്‍ അമേരിക്ക’യുടെ റീമേക്കാണ് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.