മാസ് ഗെറ്റപ്പില്‍ സെന്തില്‍ കൃഷ്ണ; ഡാര്‍ക്ക് ത്രില്ലര്‍ ചിത്രം 'ഉടുമ്പ്', ടീസര്‍

സെന്തില്‍ കൃഷ്ണയെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രം “ഉടുമ്പി”ന്റെ ടീസര്‍ പുറത്ത്. ഉണ്ണി മുകുന്ദന്‍, പൃഥ്വിരാജ് എന്നീ താരങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തത്. സെന്തിലിന്റെ മാസ് ഗെറ്റപ്പും പ്രകടനവും തന്നെയാണ് ടീസറിന്റെ ഹൈലൈറ്റ്. ഡോണുകളുടെയും ഗ്യാങ്‌സ്റ്റര്‍മാരുടെയും കഥ പറയുന്ന ചിത്രം ഡാര്‍ക്ക് ത്രില്ലറായാണ് ഒരുങ്ങുന്നത്.

മലയാള സിനിമയില്‍ അധികം കാണാത്ത ഒരു വിഭാഗമാണിത്. എക്‌സ്ട്രിം ത്രില്ലര്‍ ജോര്‍ണര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ അലന്‍സിയര്‍, ഹരീഷ് പേരടി, ധര്‍മജന്‍, മനുരാജ്, സാജല്‍ സുദര്‍ശന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. പുതുമുഖ താരം എയ്ഞ്ചലീന ലെയ്സെന്‍ ആണ് ചിത്രത്തില്‍ നായികയാവുന്നത്. പട്ടാഭിരാമന്‍, മരട് 357 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കണ്ണന്‍ താമരക്കുളത്തിന്റെ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉടുമ്പ്.

പട്ടാഭിരാമന്‍, മരട് 357 എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകന്‍ രവിചന്ദ്രന്‍ ആണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചെയ്യുന്നത്. വി.ടി ശ്രീജിത്ത് എഡിറ്റിംഗും കൈതപ്രം, രാജീവ് ആലുങ്കല്‍ എന്നിവരുടെ വരികള്‍ക്ക് സാനന്ദ് ജോര്‍ജ് ഗ്രേസ് സംഗീതവും നിര്‍വ്വഹിക്കുന്നു. 24 മോഷന്‍ ഫിലിംസും കെ. ടി മൂവി ഹൗസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.

നവാഗതരായ അനീഷ് സഹദേവന്‍, ശ്രീജിത്ത് ശശിധരന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. ലൈന്‍ പ്രൊഡ്യൂസര്‍- ബാദുഷ എന്‍.എം, കലാ സംവിധാനം-സഹസ് ബാല, അസോസിയേറ്റ് ഡയറക്ടര്‍-സുരേഷ് ഇളമ്പല്‍, പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍-അഭിലാഷ് അര്‍ജുന്‍, മേക്കപ്പ്-പ്രദീപ് രംഗന്‍, കോസ്റ്റ്യൂം-സുല്‍ത്താന റസാഖ്, സ്റ്റില്‍സ്-ശ്രീജിത്ത് ചെട്ടിപ്പടി.