കന്നഡയില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന താരം, പാവപ്പെട്ടവരെ ചേര്‍ത്തു പിടിക്കുന്ന പുനീത്; സൂപ്പര്‍ സ്റ്റാറിന്റെ വിയോഗത്തില്‍ ഞെട്ടി സിനിമാലോകവും ആരാധകരും

അന്തരിച്ച കന്നഡ സൂപ്പര്‍ താരം പുനീത് രാജ്കുമാറിന് ആദരാഞ്ജലികളുമായി സിനിമാലോകം. ചിരഞ്ജീവി, സോനു സുഡ്, പ്രകാശ് രാജ്, റഹ്‌മാന്‍, പൃഥ്വിരാജ്, ടൊവീനോ തോമസ് തുടങ്ങി നിരവധി പേരാണ് അദ്ദേഹത്തിന് അനുശോചനം അറിയിച്ച് എത്തുന്നത്.

കന്നഡയിലെ ഏറ്റവും താരമൂല്യമുള്ള നടന്‍മാരില്‍ ഒരാളാണ് പുനീത് രാജ്കുമാര്‍. എല്ലാ വിഭാഗം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന കൊമേഴ്‌സ്യല്‍ എന്റെര്‍ടെയ്‌നറുകളാണ് പുനീതിനെ താരമാക്കിയത്. കരിയര്‍ തുടങ്ങി ഏറെ വൈകാതെ അച്ഛന്റെയും ചേട്ടന്റെയും പേരിന്റെ നിഴലില്‍ നിന്നു, തന്റെതായ ഒരു വിലാസം സൃഷ്ടിക്കാനും ആരാധകരെ സ്വന്തമാക്കാനും പുനീതിനായി.

നിലവില്‍ കന്നഡയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാളാണ് പുനീത്. സിനിമയ്ക്കപ്പുറം ഒട്ടനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും പങ്കാളിയാണ്. അനാഥാലയങ്ങള്‍, സ്‌കൂളുകള്‍, വൃദ്ധസദനങ്ങള്‍ എന്നിവ അദ്ദേഹത്തിന്റെ നേതൃത്വത്തിലുണ്ട്. ആയിരക്കണക്കിന് പാവപ്പെട്ട കുട്ടികളുടെ മുഴുവന്‍ വിദ്യാഭ്യാസ ചെലവും പുനീത് വഹിക്കുന്നുണ്ട്.

മുപ്പതോളം കന്നഡ ചിത്രങ്ങളില്‍ നായകനായി അഭിനയിച്ചിട്ടുണ്ട്. ബാലതാരമായിട്ടായിരുന്നു തുടക്കം. ബേട്ടഡ് ഹൂവു എന്ന ചിത്രത്തിലെ അഭിനയത്തിന് 1985ല്‍ അദ്ദേഹത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. മികച്ച ബാലതാരത്തിനുള്ള കര്‍ണാടക സംസ്ഥാന പുരസ്‌കാരവും രണ്ടു തവണ സ്വന്തമാക്കി.

2002ല്‍ പുറത്തിറങ്ങിയ ‘അപ്പു’ എന്ന ചിത്രമാണ് കന്നഡ സിനിമയില്‍ പുനീതിന്റെ നായകസ്ഥാനം ഉറപ്പാക്കിയത്. അഭി, വീര കന്നഡിഗ. റാം, അന്‍ജാനി പുത്ര തുടങ്ങിയ ചിത്രങ്ങളില്‍ നായകനായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് ബംഗ്ലൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് രാവിലെ ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെയാണ് ഹൃദയാഘാതം അനുഭവപ്പെട്ടത്. ഫിറ്റ്‌നസ് ഫ്രീക്കായ പുനീതിന് യാതൊരു വിധത്തിലുമുള്ള ആരോഗ്യ പ്രശ്നങ്ങളും നേരത്തെ ഉണ്ടായിരുന്നില്ല. പെട്ടന്നുള്ള വാര്‍ത്തയുടെ നടുക്കത്തിലാണ് ആരാധകരും സിനിമാ ലോകവും.

യുവരത്‌ന ആണ് താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തിയ കന്നഡ ചിത്രമായ ‘മൈത്രി’യില്‍ അതിഥി താരമായി അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഭാര്യ: അശ്വിനി രേവന്ത്. മക്കള്‍: ധൃതി, വന്ദിത.