'കമ്മാര സംഭവ'ത്തിനു ശേഷം രതീഷ് അമ്പാട്ടും മുരളി ഗോപിയും; നായകനായി പൃഥ്വിരാജ്

ദിലീപ് നായകനായി രതീഷ് അമ്പാട്ടിന്റെ സംവിധാനത്തിലൊരുങ്ങിയ കമ്മാരസംഭവം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മലയാള ചിത്രങ്ങളിലൊന്നാണ്. ചിത്രത്തിന് തിരക്കഥ രചിച്ചത് മുരളി ഗോപിയും നിര്‍മ്മിച്ചത് ഗോകുലം ഗോപാലനും ആയിരുന്നു്. ഇപ്പോഴിതാ കമ്മാര സംഭവത്തിന് ശേഷം രതീഷ് അമ്പാട്ട്- മുരളി ഗോപി ടീം ഒരിക്കല്‍ കൂടി ഒന്നിക്കാന്‍ പോവുകയാണ്. ഇത്തവണ അവരുടെ ചിത്രത്തില്‍ നായകന്‍ ആയി എത്തുന്നത് പൃഥ്വിരാജ് സുകുമാരന്‍ ആണ്.

ലൂസിഫര്‍ 2 -എമ്പുരാന്‍ എന്ന ചിത്രം പ്രഖ്യാപിക്കുന്ന വേളയില്‍ ആണ് പൃഥ്വിരാജ് തന്നെയാണ് ഈ പ്രോജക്ടിനെ കുറിച്ച് പറഞ്ഞത്. മലയാള സിനിമാചരിത്രത്തിലെ ഏറ്റവും വലിയ വിജയം ആയി മാറിയ ചിത്രമാണ് ലൂസിഫര്‍. മലയാള സിനിമയില്‍ ആദ്യമായി 200 കോടി ബിസിനസ് നടത്തിയ ഈ ചിത്രം ഈ വര്‍ഷം മാര്‍ച്ചില്‍ ആണ് എത്തിയത്.

ലൂസിഫര്‍ 2 ഇല്‍ മോഹന്‍ലാലിനൊപ്പം ഒരു പ്രധാന വേഷത്തില്‍ പൃഥ്വിരാജ് സുകുമാരനും എത്തും. മുരളി ഗോപി രചിച്ച ഈ ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മിക്കുക. മോഹന്‍ലാലും പൃഥ്വിരാജ് സുകുമാരനും തങ്ങളുടെ മറ്റു സംരംഭങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം അടുത്ത വര്‍ഷം പകുതി കഴിഞ്ഞാണ് ലൂസിഫര്‍ 2 ആരംഭിക്കുക എന്നും പൃഥ്വിരാജ് പറഞ്ഞു.