ബ്രെയിന്‍ ട്യൂമര്‍ ബാധിതനായ ആരാധകന് സര്‍പ്രൈസുമായി കമല്‍ഹാസന്‍

ബ്രെയ്ന്‍ ട്യൂമര്‍ ബാധിതനായ ആരാധകന് സര്‍പ്രൈസുമായി കമല്‍ഹാസന്‍. സൂം വഴി ആരാധകനെ കണ്ടാണ് കമല്‍ഹാസന്‍ ആശ്വാസവാക്കുകളുമായി എത്തിയത്. സാകേത് എന്ന ടെര്‍മിനല്‍ ബ്രെയിന്‍ ട്യൂമര്‍ ബാധിതനെയാണ് കമല്‍ഹാസന്‍ ആശ്വസിപ്പിച്ചത്.

സാകേതിന്റെ ബന്ധുക്കളാണ് മീറ്റിംഗ് ഒരുക്കിയത്. സാകേതും കുടുംബവുമായി പത്തു മിനിറ്റിലധികം സംവദിക്കുകയും അസുഖത്തിനെതിരെ പോരാടാനുള്ള പ്രോത്സാഹനം നല്‍കുകയും ചെയ്തു.

കമല്‍ഹാസന്റെ കുടുംബം എങ്ങനെയിരിക്കുന്നു എന്ന സാകേതിന്റെ ചോദ്യത്തിന് താനിപ്പോള്‍ സംസാരിച്ചു കൊണ്ടിരിക്കുന്നത് എന്റെ ഒരു കുടുംബാംഗത്തിനോടാണ് എന്നാണ് കമലഹാസന്‍ പറഞ്ഞത്.

“”തോല്‍ക്കാനായി ആരും ജനിക്കുന്നില്ല. ജയിക്കാന്‍ വിധിക്കപ്പെട്ടവരാണ് നമ്മള്‍. ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ശ്രമിച്ചു കൊണ്ടിരിക്കണം. സാകേത് സര്‍വ ആരോഗ്യത്തോടും കൂടി തിരിച്ചു വരും”” എന്ന് കമലഹാസന്‍ പറഞ്ഞു. നാട്ടില്‍ വരുമ്പോള്‍ കാണാന്‍ പറ്റുമോ എന്ന സാകേതിന്റെ ചോദ്യത്തിന്, കണ്ടിരിക്കും എന്നാണ് കമല്‍ഹാസന്‍ മറുപടി പറഞ്ഞത്.