സിനിമയിലെ പുതുതലമുറ മുന്നേറുന്നത് സ്ത്രീവിരുദ്ധതയെ ഉള്‍പ്പെടെ പൊളിച്ചെഴുതി, സൂപ്പര്‍താരങ്ങള്‍ വരെ മാറി: കമല്‍

മലയാള സിനിമ മാറ്റത്തിന്റെ വേറിട്ട പാതയിലാണെന്ന് സംവിധായകന്‍ കമല്‍. മുഖ്യധാരയെന്നും കച്ചവടസിനിമയെന്നുമുള്ള വേര്‍തിരിവില്ലാതെയാണ് ഇക്കുറി തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രോല്‍സവത്തിലേക്ക് സിനിമകള്‍ തെരഞ്ഞെടുക്കുന്നതെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍കൂടിയായ കമല്‍ പറഞ്ഞു.

സ്ത്രീവിരുദ്ധത ഉള്‍പ്പടെയുള്ളവ പൊളിച്ചെഴുതിയാണ് സിനിമയിലെ പുതിയ തലമുറ മുന്നേറുന്നതെന്നും പുരുഷ-സവര്‍ണാധിപത്യത്തില്‍നിന്ന് സൂപ്പര്‍താരങ്ങള്‍വരെ വിമുക്തരാകുന്ന കാലഘട്ടമാണിതെന്നും കഴിഞ്ഞ ആറുവര്‍ഷത്തെ സിനിമകള്‍ പരിശോധിച്ചാല്‍ അത് മനസിലാക്കാന്‍ കഴിയുമെന്നും കമല്‍ പറഞ്ഞു.

മുഖ്യധാരയെന്നും കച്ചവടസിനിമയെന്നുമുള്ള വേര്‍തിരിവില്ലാതെ ദൃശ്യഭാഷയുടെ മികവില്‍ നല്ല സിനിമയെ അടയാളപ്പെടുത്തുന്ന കാലമാണ്. മുഖ്യധാര സിനിമയെന്ന് പറഞ്ഞ് മാറ്റിനിര്‍ത്തിയ ജല്ലിക്കട്ട് ടൊറന്റോ ഫിലിം ഫെസ്റ്റിവലിലടക്കം പ്രശംസിക്കപ്പെട്ടത് ഇതിന് ഉദാഹരണമാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.