ഇവനെ  കൊണ്ട് വന്നിട്ട് എനിക്ക് തന്നെ പാരയായല്ലോ എന്ന് മറ്റാരാണേലും ചിന്തിച്ചു പോകും; ദിലീപ് തന്നെയാണ് ജയറാം ചെയ്യേണ്ട വേഷങ്ങൾ കൂടുതലും ചെയ്‌തതെന്ന് കമൽ

1991-ൽ കമൽ ഒരുക്കിയ വിഷ്ണുലോകത്തിൽ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് ദിലീപിന്റെ തുടക്കം. ജയറാമാണ് ദിലീപിനെ കമലിന് പരിചയപ്പെടുത്തി കൊടുത്തത്. എന്നാൽ  പിന്നീട് ജയറാം ചെയ്യേണ്ട പല വേഷങ്ങളും ദിലീപ് ചെയ്തുവെന്നതും കൗതുകകരമാണ്. ആ കാര്യങ്ങൾ തുറന്നു പറയുകയാണ് സംവിധായകൻ കമൽ.

പൂക്കാലം വരവായിയിൽ അക്കു അക്ബർ എന്റെ കൂടെ സഹ സംവിധായകനായി ഉണ്ടായിരുന്നു. അതുകൊണ്ട് അടുത്ത പടത്തിൽ വിളിക്കാമെന്ന് പറഞ്ഞു. അടുത്ത പടം വിഷ്ണുലോകമായിരുന്നു. പാലക്കാടായിരുന്നു ഷൂട്ടിംഗ്. ഷൂട്ടിന്റെ തലേന്ന് ഞാൻ ദിലീപിനോട് വരാൻ പറഞ്ഞു. പക്ഷെ തലേ ദിവസം ദിലീപ് എത്തിയില്ല. അന്ന് ദിലീപിന് മിമിക്രി എന്തോ ഉണ്ടായിരുന്നു. അത് പിന്നീടാണ് ഞാൻ അറിഞ്ഞത്. എത്താത്തത് കൊണ്ടെനിക്ക് ദേഷ്യം വന്നു. വേറൊരു അസിസ്റ്റന്റ് ഡയറക്ടർ വരികയും ചെയ്തു. അതുകൊണ്ടു ദിലീപിനെ നിർത്താൻ ആ പടത്തിൽ സ്ഥലമില്ലാതെ ആയി. പിറ്റേന്ന് പത്തിനൊന്ന് മണിക്കാണ് ദിലീപ് വരുന്നത്.

നീ വന്നത് താമസിച്ചു പോയി അടുത്ത പടത്തിൽ നോക്കാമെന്ന് ഞാൻ ദിലീപിനോട് പറഞ്ഞു. ദിലീപിന് വലിയ വിഷമമായി. ഒരു വലിയ അമ്പലത്തിന് മുകളിലായിരുന്നു ഷൂട്ട്. ഒരു വലിയ ബാഗ് ഒക്കെയായി ആയിരുന്നു അയാൾ വന്നത്. അതും കൊണ്ട് ദിലീപ് വിഷമിച്ച് പടിയിറങ്ങി പോകുന്നത് കണ്ടു എനിക്കും വിഷമമായി. ഞാൻ തിരിച്ചു വിളിച്ച് വർക്ക് ചെയ്തോളാൻ പറഞ്ഞു. അന്ന് ജയറാം ദിലീപിനെ എനിക്ക് പരിചയപ്പെടുത്തി തന്നു. പിന്നീട് അവൻ അസിസ്റ്റന്റായി കുറെ പടങ്ങൾ ചെയ്‌തു. അഭിനയത്തിലേക്ക് മാറി. ഹീറോയായി പല സിനിമകളും ചെയ്‌തു. മിക്കവാറും ജയറാം ചെയ്യേണ്ട വേഷങ്ങളാണ് ദിലീപ് ചെയ്‌തത്‌. ഇവനെ ഞാൻ കൊണ്ട് വന്നിട്ട് എനിക്ക് തന്നെ പാരയായല്ലോ എന്ന് ജയറാം അല്ലാതെ ആരാണേലും ആലോചിച്ചു പോകും. കമൽ വ്യക്തമാക്കി.