മുകേഷിന്റെ മകന്‍ ശ്രാവണ്‍ മുകേഷ് നായകനായ 'കല്യാണം'ത്തിലെ ആദ്യ ഗാനം

മുകേഷിന്റെ മകന്‍ ശ്രാവണ്‍ മുകേഷ് നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം “കല്യാണം”ത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു. “പണ്ടേ നീ എന്നില്‍ ഉണ്ടേ”എന്ന് തുടങ്ങുന്ന ഗാനം സിദ്ധാര്‍ഥ് മേനോനാണ് ആലപിച്ചിരിക്കുന്നത്. രാജീവ് നായരുടെ വരികള്‍ക്ക് നവാഗതനായ പ്രകാശ് അലക്‌സ് ഈണം പകര്‍ന്നിരിക്കുന്നു. പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണങ്ങളാണ് ഗാനത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. യൂട്യൂബിന്റെ ട്രെന്‍ഡിങ് ലിസ്റ്റിലും ഗാനം ഇപ്പോള്‍ ഇടം പിടിച്ചിട്ടുണ്ട്.

നവാഗതനായ രാജീവ് നായര്‍ കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്ന “കല്യാണം”ത്തില്‍ വര്‍ഷ ബൊല്ലമ്മയാണ് നായിക. മുകേഷ്, ശ്രീനിവാസന്‍, ഗ്രിഗറി ജേക്കബ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഗോവിന്ദ് വിജയ്, സുമേഷ് മധു, രാജേഷ് രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ റൊമാന്റിക് കോമഡിയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്.

ഛായാഗ്രഹണം ബിനേന്ദ്ര മേനോനും ചിത്രസംയോജനം സൂരജ് ഇ എസുമാണ് നിര്‍വഹിച്ചിരിക്കുന്നത്. വയ ഫിലിംസിന്റെയും ശ്രീ സത്യ സായി ആര്‍ട്‌സിന്റെയും ബാനറുകളില്‍ രാജേഷ് നായര്‍, കെ കെ രാധാമോഹന്‍, ഡോ. ടി കെ ഉദയഭാനു എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യല്‍ മ്യൂസിക് പാര്‍ട്ണര്‍.