കലകലപ്പ് 2വിന്റെ റിലീസ് മാറ്റി

സുന്ദര്‍ സി സംവിധാനം ചെയ്യുന്ന ചിത്രം കലകലപ്പ് 2 വിന്റെ റിലീസ് മാറ്റി. ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന ചിത്രം ഫെബ്രുവരി 9 നാണ് തീയേറ്ററുകളിലെത്തുക. സുന്ദര്‍ സിയുടെ ഭാര്യയും നിര്‍മ്മാതാവുമായ ഖുശ്ബുവാണ് ഇക്കാര്യം  അറിയിച്ചത് . എന്നാല്‍ ചിത്രത്തിന്റെ റിലീസ് മാറ്റാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല.

ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിയ്ക്കുന്നത്. ഫെബ്രുവരി 9ന് തീയേറ്ററുകളിലെത്തുന്നതിനാല്‍ ഈ സിനിമയ്ക്ക് ജീവയുടെ ആക്ഷന്‍ ത്രില്ലര്‍ കീ, മെയ്‌സ്‌കിന്‍ -റാം ചിത്രം സിവകാര്‍ത്തി, സായ്പല്ലവി നായികയായെത്തുന്ന കാരു എന്നീ ചിത്രങ്ങളോടാണ് മത്സരിയ്‌ക്കേണ്ടി വരുന്നത്.

ജയ്, ജീവ, കാതറിന്‍ ട്രീസ, നിക്കി ഗല്‍റാണി എന്നിവരാണ് കലകലപ്പ് 2വിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹിപ്‌ഹോപ് തമിഴന്റേതാണ് സംഗീതം. 2012ല്‍ റിലീസ് ചെയ്ത ഹിറ്റ് കോളിവുഡ് ചിത്രമായിരുന്നു കലകലപ്പ്. സുന്ദര്‍ സി സംവിധാനം ചെയ്ത ചിത്രത്തില്‍ വിമല്‍, ശിവ, അഞ്ജലി, ഒവിയ, സന്താനം എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.