പകല്‍ ഓട്ടോഡ്രൈവറും രാത്രി മിമിക്രി ആര്‍ട്ടിസ്റ്റും, നായകനിരയിലേക്ക് ഉയര്‍ത്തിയത് വിനയന്‍; മണിയുടെ ഓര്‍മ്മകള്‍ക്ക് അഞ്ച് വയസ്

മലയാളത്തിന്റെ പ്രിയ താരം കലാഭവന്‍ മണി ഓര്‍മ്മയായിട്ട് അഞ്ച് വര്‍ഷം. ഒരുപാട് സങ്കടങ്ങളും വിശക്കുന്ന വയറുമായി ആദ്യകാലങ്ങളില്‍ മിമിക്രിയിലൂടെ കാണികളെ ചിരിപ്പിച്ച മണി വളരെ പെട്ടെന്നാണ് പ്രശസ്തിയുടെ പടവുകള്‍ കയറിയത്. കോമഡി വേഷങ്ങളിലൂടെ സിനിമയില്‍ തുടക്കമിട്ടു. പില്‍ക്കാലത്ത് നായകനായി വളര്‍ന്നു. നാടന്‍ പാട്ടുകളെ ജനകീയമാക്കിയ കലാകാരന്‍ കൂടിയായി.

1987-ല്‍ മോണോആക്ടില്‍ സംസ്ഥാന സ്‌കൂള്‍ യുവജനോല്‍സവത്തില്‍ വിജയിച്ചത് മണിയുടെ ജീവിതത്തിന് വഴിത്തിരിവായി. കുടുംബത്തിലെ ദാരിദ്ര്യം അകറ്റാന്‍ അനുകരണകല മണി ഉപയോഗിച്ചു തുടങ്ങി. പകല്‍ ഓട്ടോഡ്രൈവറും രാത്രി മിമിക്രി ആര്‍ട്ടിസ്റ്റുമായി. ഇരിങ്ങാലക്കുടയില്‍ വെച്ച് പരിചയപ്പെട്ട പീറ്റര്‍ എന്ന വ്യക്തിയാണ് മണിയെ കലാഭവനുമായി ബന്ധിപ്പിച്ചത്.

ഇതിനിടെ വിനോദശാല എന്ന സീരിയലില്‍ അഭിനയിക്കാന്‍ പോയതോടെ കലാഭവനുമായുളള താരത്തിന്റെ ബന്ധം അറ്റുപോയി. കലാഭവനിലെ ജോലി നഷ്ടപ്പെട്ടതോടെയാണ് അഭിനയരംഗത്ത് ശ്രദ്ധിക്കാന്‍ തീരുമാനമെടുത്ത് മണി സിനിമാക്കാരെ കാണാന്‍ തുടങ്ങിയത്. സമുദായം എന്ന ചിത്രത്തിലൂടെ ആയിരുന്നു സിനിമാ അരങ്ങേറ്റം.

അക്ഷരം എന്ന സിബി മലയില്‍ ചിത്രത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറായി അഭിനിയിച്ചു. സല്ലാപം സിനിമയിലെ ചെത്തുകാരന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. സംവിധായകന്‍ വിനയനാണ് കലാഭവന്‍ മണിയെ നായകനിരയിലേക്ക് ഉയര്‍ത്തിയത്. വാസന്തിയും ലക്ഷ്മിയും ഞാനും എന്ന ചിത്രത്തിലെ അന്ധഗായകന്‍ രാമുവിനെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.

നിരവധി അംഗീകാരങ്ങളും രാമു എന്ന കഥാപാത്രത്തിന് ലഭിച്ചു. ദേശീയ അവാര്‍ഡില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം, കേരള സര്‍ക്കാരിന്റെ സ്പെഷല്‍ ജൂറി പ്രൈസ്, സത്യന്‍ ഫൗണ്ടേഷന്‍ അവാര്‍ഡ്, മാതൃഭൂമി അവാര്‍ഡ്, ലക്സ്-ഏഷ്യാനെറ്റ് അവാര്‍ഡ് എന്നീ അംഗീകാരങ്ങള്‍ താരത്തെ തേടിയെത്തി.

വണ്‍മാന്‍ ഷോ, സമ്മര്‍ ഇന്‍ ബത്േലഹം , ദില്ലിവാലാ രാജകുമാരന്‍, ഉല്ലാസപ്പൂങ്കാറ്റ്, കണ്ണെഴുതി പൊട്ടും തൊട്ട്, രാക്ഷസരാജാവ്, മലയാളി മാമനു വണക്കം, വല്യേട്ടന്‍, ആറാം തമ്പുരാന്‍, വസന്തമാളിക എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ മണി അവതരിപ്പിച്ചു. കരുമാടിക്കുട്ടന്‍ എന്ന മന്ദബുദ്ധിയുടെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

ദി ഗ്യാങ്, ഗാര്‍ഡ്, ആകാശത്തിലെ പറവകള്‍, വാല്‍ക്കണ്ണാടി, എന്നീ ചിത്രങ്ങളില്‍ മണി നായകനായി. രജനീകാന്ത്, കമല്‍ഹാസന്‍, ഐശ്വര്യാ റായ്, വിക്രം എന്നീ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും മണി വേഷമിട്ടു. അഭിനയത്തിനൊപ്പം നിരവധി നാടന്‍ പാട്ടുകളും മണിയുടെ ശബ്ദത്തില്‍ മലയാളികള്‍ കേട്ടു. തൂശിമ കൂന്താരോ, ആനവായിലമ്പഴങ്ങ, സ്വാമി തിന്തകത്തോം തുടങ്ങിയ കസെറ്റുകള്‍ ശ്രദ്ധേയമാണ്.

സിനിമാലോകത്ത് ഏറെ സജീവമായിരിക്കെ ആയിരുന്നു മണിയുടെ അപ്രതീക്ഷിത വേര്‍പാട്. 2016 മാര്‍ച്ച് 6ന് 45ാം വയസില്‍ ആണ് മണി അന്തരിച്ചത്. കരള്‍ രോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിലിരിയ്‌ക്കേ ആയിരുന്നു അന്ത്യം. അതേസമയം, അദ്ദേഹത്തിന്റെ ശരീരത്തില്‍ മാരകമായ വിഷാംശം കണ്ടെത്തിയത് ദുരൂഹത നിറച്ചിരുന്നു.

മണിയുടെ അനുജനും നര്‍ത്തകനുമായ രാമകൃഷ്ണന്റെ ആവശ്യത്തെ തുടര്‍ന്ന് 2017 ഏപ്രില്‍ 28ന് നടന്റെ മരണത്തെ സംബന്ധിച്ച കേസ് സിബിഐയ്ക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മണിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്നും കരള്‍രോഗത്തെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ചത് എന്ന് 2019 ഡിസംബര്‍ 30ന് സിബിഐ കണ്ടെത്തിയെങ്കിലും ഇതിനോട് കുടുംബാംഗങ്ങള്‍ക്ക് ഇന്നും യോജിപ്പില്ല.