"കൈതി 2' ആദ്യത്തേതിനേക്കാൾ പത്തിരട്ടി വലുപ്പമുള്ള ചിത്രം; എസ്.ആർ. പ്രഭു

കൈതിയേക്കാൾ പത്തിരട്ടി വലുപ്പമുള്ള ചിത്രമാകും കൈതി 2 എന്ന് നിർമാതാവ് എസ്.ആർ. പ്രഭു. ലോകേഷിന്റെ സൂപ്പർ ഹിറ്റ് ചിത്രം വിക്രത്തിനുശേഷമുള്ള അടുത്ത പ്രോജക്ട് വിജയ്ക്കൊപ്പമാണ്. ഈ ചിത്രം പൂർത്തിയായതിനു ശേഷം കൈതി 2 ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൈതി സിനിമയിലെ പല കഥാപാത്രങ്ങളെയും വിക്രത്തിലും ലോകേഷ് കൊണ്ടുവന്നിരുന്നു. വിക്രം സിനിമയിലൂടെ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന് തുടക്കമായെന്നാണ് സിനിമാപ്രേമികൾ പറയുന്നത്.

മാനഗരം, മാസ്റ്റർ എന്നീ രണ്ട് സിനിമകൾ മാറ്റി നിർത്തി കൈതിയും വിക്രമും ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ ഉൾപ്പെട്ട സിനിമകളാണെന്ന് ലോകേഷ് തന്നെ വ്യക്തമാക്കിയിരുന്നു.

2019ൽ കാർത്തിയെ നായകനാക്കി ലോകേഷ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് കൈതി. ഡില്ലി എന്ന മുൻതടവുപുള്ളിയുടെ കഥ പറഞ്ഞ ആക്‌ഷൻ ത്രില്ലറിൽ നരേനും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.