'കടുവ' പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്ന്?

പൃഥ്വിരാജിന്റെ ജന്മദിനത്തിലാണ് ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് നടനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന മാസ് എന്റര്‍ടെയ്‌നര്‍ കടുവ ്പ്രഖ്യാപിച്ചത്. ആദം ജോണ്‍, മാസ്‌റ്റേഴ്‌സ് , ലണ്ടന്‍ ബ്രിഡ്ജ് എന്നീ ചിത്രങ്ങള്‍ക്കായി എഴുതിയ ജിനു ഏബ്രഹാമാണ് ഈ സിനിമയുടെയും തിരക്കഥാകൃത്ത്. ഇപ്പോഴിതാ പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായിരിക്കും കടുവ.

അത് മാത്രമല്ല. പൃഥ്വിരാജിന് പുറമേ തെന്നിന്ത്യന്‍ സിനിമയിലെ ഒരു സൂപ്പര്‍ത്താരം കൂടി ഈ ചിത്രത്തിന്റെ ഭാഗമാകും.  ഗജിനി, മൈ നെയിം ഈസ് ഖാന്‍, ഭാരത് ആനെ നേനു, ആദിത്യ വര്‍മ തുടങ്ങിയ വമ്പന്‍ സിനിമകള്‍ക്കു ക്യാമറ ചലിപ്പിച്ച രവി കെ. ചന്ദ്രനാണ് കടുവയുടെ ഛായാഗ്രാഹകന്‍. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും സംയുക്തമായി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് തമന്‍ എസാണ്. കലാസംവിധായകന്‍ മോഹന്‍ദാസും എഡിറ്റിംഗ് ഷമീര്‍ മുഹമ്മദും നിര്‍വ്വഹിക്കും.

2012-ല്‍ പൃഥ്വിരാജിനെ നായകനാക്കി സിംഹാസനം എന്നൊരു ചിത്രം ഷാജി കൈലാസ് സംവിധാനം ചെയ്തിരുന്നു. 2013-ല്‍ റിലീസ് ആയ ജിഞ്ചര്‍ ആണ് ഷാജി കൈലാസ് മലയാളത്തില്‍ അവസാനമായി സംവിധാനം ചെയ്തത്. പിന്നീട് തമിഴില്‍ രണ്ട് സിനിമകള്‍ ഷാജി കൈലാസ് ഒരുക്കിയിരുന്നു.