'കുറുവാച്ചനും' 'ബോബി'യും ഇനി നേര്‍ക്കുനേര്‍; പൃഥ്വിയുടെ നായകന് വില്ലന്‍ വിവേക് ഒബ്‌റോയ്

പൃഥ്വിരാജ് നായകനായെത്തുന്ന ഷാജി കൈലാസ് ചിത്രം ‘കടുവ’യില്‍ വില്ലനായി വിവേക് ഒബ്‌റോയ്. ജയിംസ് ഏലിയാസ് മാഞ്ഞിലേടത്ത് എന്ന ഐപിഎസ് ഉദ്യോഗസ്ഥനായി വിവേക് എത്തുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിനു ശേഷം വിവേക് ഒബ്‌റോയ് അഭിനയിക്കുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് കടുവ. ലൂസിഫറിലെ ബോബി എന്ന വില്ലന്‍ കഥാപാത്രം പ്രേക്ഷകരുടെ ഇടയില്‍ ഏറെ ശ്രദ്ധനേടിയിരുന്നു.

ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നു നിര്‍മ്മിക്കുന്ന കടുവയുടെ തിരക്കഥ ജിനു വി. എബ്രഹാം ആണ്. സിനിമയുടെ മുന്നിലും പിന്നിലും വമ്പന്‍ ടീം ആണ് അണിനിരക്കുന്നത്. കടുവയുടെ ചിത്രീകരണം കോട്ടയത്ത് പുരോഗമിക്കുകയാണ്.

സംയുക്ത മേനോന്‍, സിദ്ദിഖ്, വിജയരാഘവന്‍, സുദേവ് നായര്‍, സീമ, അര്‍ജുന്‍ അശോകന്‍, കലാഭവന്‍ ഷാജോണ്‍, അജു വര്‍ഗീസ്, സായ്കുമാര്‍, ദിലീഷ് പോത്തന്‍, രാഹുല്‍ മാധവ്, ജനാര്‍ദനന്‍, റീനു മാത്യൂസ്, മീനാക്ഷി, പ്രിയങ്ക നായര്‍ എന്നിവരാണ് അഭിനേതാക്കള്‍.

ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത്ത് വാസുദേവ്. തെന്നിന്ത്യന്‍ സംഗീതജ്ഞന്‍ എസ്. തമന്‍ ആണ് സംഗീതം. കലാസംവിധാനം- മോഹന്‍ദാസ്. എഡിറ്റിങ് ഷമീര്‍ മുഹമ്മദ്. ആദം ജോണ്‍, ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റേര്‍സ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജിനുവും പൃഥ്വിയുംവീണ്ടും ഒന്നിക്കുന്ന ചിത്രമാകും കടുവ.

ഇതിലൊക്കെ ഉപരിയായി, ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് മലയാളത്തില്‍ മടങ്ങി എത്തുന്നു എന്നതാണ് ‘കടുവ’ സിനിമയെ വേറിട്ടു നിര്‍ത്തുക. 2012ല്‍ പൃഥ്വിരാജിനെ നായകനാക്കി സിംഹാസനം എന്നൊരു ചിത്രം ഷാജി കൈലാസ് സംവിധാനം ചെയ്തിരുന്നു. 2013ല്‍ റിലീസ് ആയ ജിഞ്ചര്‍ ആണ് ഷാജി കൈലാസ് മലയാളത്തില്‍ അവസാനമായി സംവിധാനം ചെയ്തത്. പിന്നീട് രണ്ടു സിനിമകള്‍ തമിഴിലൊരുക്കി. 2017ല്‍ റിലീസ് ചെയ്ത വേഗൈ എക്‌സ്പ്രസ് ആണ് അവസാനം സംവിധാനം ചെയ്തത്. ഇതിനിടെ മോഹന്‍ലാലിനെ നായകനാക്കി ‘എലോണ്‍’ എന്നൊരു ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിനു വേണ്ടി സംവിധാനം ചെയ്തു.