വരവറിയിച്ച് മോഹന്‍ലാല്‍-സൂര്യ കോമ്പോയുടെ ‘കാപ്പാന്‍’; പുതിയ ഗാനം റിലീസ് ചെയ്തു

മോഹന്‍ലാല്‍-സൂര്യ ചിത്രം കാപ്പാനിലെ പുതിയ ഗാനം റിലീസ് ചെയ്തു. കുരിലേ കുരിലേ കുയിലേ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലെറിക്കല്‍ വീഡിയോയാണ് റിലീസ് ചെയ്തത്. സൂര്യയും സയേഷയുമാണ് ഗാന രംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഹാരിസ് ജയരാജാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ജാവേദ് അലിയും ദര്‍ശനയും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. കബിലന്റേതാണ് വരികള്‍.

ഗാനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. പുറത്തിറങ്ങി മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോള്‍ ഗാനത്തിന് മൂന്നു ലക്ഷത്തിനടുത്ത് കാഴ്ച്ചക്കാരായി. പ്രധാനമന്ത്രി ചന്ദ്രകാന്ത് വര്‍മ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ കാപ്പാനില്‍ അവതരിപ്പിക്കുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എന്‍എസ്ജി കമാന്‍ഡോ ആയി സൂര്യയും എത്തുന്നു. ആര്യയാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത്.

ചെന്നൈ, ഡല്‍ഹി, കുളു മണാലി, ലണ്ടന്‍, ന്യൂയോര്‍ക്ക്, ബ്രസീല്‍ എന്നിവിടങ്ങളിലായി ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിരുന്നു.100 കോടി ചെലവില്‍ ലൈക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. സയേഷ സൈഗാളാണ് നായിക. ബോമാന്‍ ഇറാനി, സമുദ്രക്കനി, പ്രേം, ശങ്കര്‍ കൃഷ്ണമൂര്‍ത്തി എന്നിവരാണ് മറ്റ് താരങ്ങള്‍. ഓഗസ്റ്റ് 30 ന് ചിത്രം തീയേറ്ററുകളിലെത്തും.