പുത്തന്‍ ആശയവുമായി മലയാള സിനിമയിലെ വാട്‌സാപ്പ് കൂട്ടായ്മ; 'കാക്ക' ഷോര്‍ട്ട് ഫിലിം ആരംഭിക്കുന്നു

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മലയാള സിനിമകള്‍ വീണ്ടും ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. എങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ തിയേറ്ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ഈ പശ്ചാത്തലത്തില്‍ ക്രിയാത്മകമായ ഒരു പുതിയ ആശയവുമായി എത്തുകയാണ് മലയാള സിനിമയിലെ വാട്‌സപ്പ് ഗ്രൂപ്പ് കൂട്ടായ്മയായ വെള്ളിത്തിരയിലെ അംഗങ്ങള്‍.

“കാക്ക” എന്ന് പേരിട്ട ഷോര്‍ട്ട് ഫിലിമുമായാണ് മലയാള സിനിമയിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 256 പ്രതിഭകളുടെ കൂട്ടായ്മ എത്തുന്നത്. 20 മിനിറ്റുള്ള ഷോര്‍ട്ട് ഫിലിമായാണ് കാക്ക ഒരുങ്ങുന്നത്. നവംബര്‍ മാസം ആദ്യവാരം എറണാകുളത്തും പരിസരങ്ങളിലുമായി ചിത്രീകരണം ആരംഭിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നത്.

സ്ത്രീ കഥാപാത്രങ്ങള്‍ക്ക് മുന്‍തൂക്കമുള്ള സമകാലിക സാഹചര്യങ്ങളുമായി ചേര്‍ന്നു പോകുന്ന വിഷയമാണ് ഈ ഷോര്‍ട്ട് ഫിലിം കൈകാര്യം ചെയ്യുക. ബ്രാ, സൈക്കോ, കുന്നിക്കുരു എന്നീ ഷോര്‍ട്ട് ഫിലിമുകള്‍ ഒരുക്കിയ സംവിധായകന്‍ അജു അജീഷ് ആണ് കാക്കയുടെ സംവിധാനവും എഡിറ്റിംഗും നിര്‍വഹിക്കുന്നത്.

അജു അജീഷ്, ഷിനോജ് ഈനിക്കല്‍, ഗോപിക കെ ദാസ് എന്നിവര്‍ ചേര്‍ന്നാണ് കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം നീലേഷ് ഇ. കെ, സംഗീത സംവിധാനം പ്രദീപ് ബാബു എന്നിവര്‍ നിര്‍വ്വഹിക്കുന്നു. ക്രീയേറ്റീവ് ഹെഡ് അല്‍ത്താഫ് പി.ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഉണ്ണികൃഷ്ണന്‍ കെ.പി.