അദ്ദേഹത്തിന്റെ കൂടെ പ്രവര്‍ത്തിക്കുക എന്നത് എപ്പോഴത്തേയും ആഗ്രഹം; 'ബ്രോ ഡാഡി'ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ജൂഡ് ആന്റണി

പൃഥ്വിരാജ് മോഹന്‍ലാല്‍ ചിത്രം ബ്രോ ഡാഡി റിലീസ് ചെയ്തത് കഴിഞ്ഞ ദിവസമായിരുന്നു. ജോണ്‍ കാറ്റാടിയായി മോഹന്‍ലാലും ഈശോ ജോണ്‍ കാറ്റാടിയായി പൃഥ്വിരാജും അഭിനയിച്ച ചിത്രത്തിന് ഭേദപ്പെട്ട പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമക്ക് മുമ്പ് പൃഥ്വിരാജ് പറഞ്ഞത് പോലെ ഇതൊരു കൊച്ചു സിനിമ തന്നെയാണെന്നാണ് കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നത്.

ഇപ്പോഴിതാ ബ്രോ ഡാഡി മികച്ച ഒരു എന്റര്‍ടൈനറാണെന്ന് പറയുകയാണ് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. രസകരമായ സിനിമ. ശരിക്കും ആസ്വദിച്ചു. ലാലേട്ടന്‍, രാജു, മീന ചേച്ചി, കനിഹ, ജഗദീഷേട്ടന്‍, കല്യാണി, മല്ലികമ്മ, സൗബിന്‍, പ്രത്യേകിച്ച് ലാലു(ലാലു അലക്സ്)ചേട്ടന്‍ എന്നിവരുടെ ഗംഭീര പ്രകടനം. പ്രിയ രാജു വിജയത്തിന് അഭിനന്ദനങ്ങള്‍,’ എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ എഴുതിയത്.

ഇതിന് ശേഷം മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് അദ്ദേഹത്തിന്റെ ഒപ്പം സിനിമ ചെയ്യാനുള്ള ആഗ്രഹവും അദ്ദേഹം തുറന്നുപറഞ്ഞു.

‘ബ്രോ ഡാഡിയുടെ കൂടെ… ഞാന്‍ എപ്പോഴും കൂടെ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിച്ച സൂപ്പര്‍ ആക്ടര്‍. ഇത്രയും മികച്ച ഒരു മനുഷ്യന്‍, മികച്ച നടന്‍/സംവിധായകന്‍,’ എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

ശ്രീജിത് എന്‍. ബിബിന്‍ മാളിയേക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഭിനന്ദന്‍ രാമാനുജനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.