വീഡിയോ നിര്‍മ്മിക്കാമോ? ഭദ്രന്റെ സംവിധാന സഹായിയാകാന്‍ അവസരം

പതിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഭദ്രന്‍ ജൂതന്‍ എന്ന സിനിമയുമായി തിരിച്ചെത്തുകയാണ് . ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ പോസ്റ്ററിനെ അടിസ്ഥാനപ്പെടുത്തി ഒരു മത്സരം സംഘടിപ്പിച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

ജൂതന്‍ സിനിമയുടെ മോഷന്‍ പോസ്റ്ററിനെ അധികരിച്ച് 30 സെക്കന്റ് ദൈര്‍ഘ്യമുള്ള പ്രമോ വീഡിയോ തയ്യാറാക്കുകയാണ് മത്സരം. വീഡിയോ അവരവരുടെ ഫെയ്സ്ബുക്ക് പേജിലാണ് അപ് ലോഡ് ചെയ്യേണ്ടത്. #joothanmotionposter എന്ന ഹാഷ്ടാഗ് ഉപയോഗിച്ചാണ് വീഡിയോ അപ് ലോഡ് ചെയ്യേണ്ടത്. ആ വീഡിയോകളില്‍ നിന്നും ഏറ്റവും മികച്ച രണ്ടെണ്ണം സംവിധായകന്‍ ഭദ്രന്‍ തിരഞ്ഞെടുക്കും. അതിന്റെ സംവിധായകര്‍ക്ക് ജൂതനില്‍ സംവിധാനസഹായിയായി പ്രവര്‍ത്തിക്കാനുള്ള അവസരവും ലഭിക്കും. മത്സരത്തിന്റെ അവസാന തിയതി ഏപ്രില്‍ 30 ആണ്.

ചിത്രത്തില്‍ ജൂതന്റെ വേഷത്തിലാണ് സൗബിന്‍ എത്തുന്നത്. ജോജു ജോര്‍ജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റിമ കല്ലിങ്കലാണ് നായിക. മോഷന്‍ പോസ്റ്റര്‍ നടന്‍ മോഹന്‍ലാല്‍ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു. ശിക്കാര്‍, നടന്‍, കനല്‍ തുടങ്ങിയ സിനിമകളൊരുക്കിയ എസ് സുരേഷ് ബാബുവാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. റൂബി ഫിലിംസിന്റെ ബാനറില്‍ തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമെന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ലോകനാഥന്‍ എസ്. ഛായാഗ്രഹണം. സുഷിന്‍ ശ്യാം സംഗീതം, ബംഗ്ലാന്‍ കലാസംവിധാനം, സമീറ സനീഷ് വസ്ത്രാലങ്കാരം.

joothan