അനുമതിയില്ലാതെയാണ് റേസ് സംഘടിപ്പിച്ചതെന്ന് അറിയില്ലായിരുന്നു; ജോജു ജോര്‍ജ് ആര്‍ടിഒയ്ക്ക് മുന്നില്‍ ഹാജരായി

ഓഫ് റോഡ് കാര്‍ റേസ് കേസില്‍ നടന്‍ ജോജു ജോര്‍ജ്ജ ഇടുക്കി ആര്‍ടിഒയ്ക്കു മുന്നില്‍ ഹാജരായി. ചൊവ്വാഴ്ചയാണ് രഹസ്യമായി ജോജു ആര്‍ടിഒ ഓഫീസിലെത്തിയത്. ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ആര്‍ടിഒ ജോജു ജോര്‍ജ്ജിന് നോട്ടീസ് അയച്ചിരുന്നു.

അനുമതിയില്ലാതെയാണ് റേസ് സംഘടിപ്പിച്ചതെന്ന് അറിയാതെയാണ് പങ്കെടുത്തതെന്നും എസ്റ്റേറ്റിനുള്ളില്‍ ആയതിനാല്‍ മറ്റാര്‍ക്കും അപകടം ഉണ്ടാകുന്ന തരത്തില്ല വാഹനം ഓടിച്ചതെന്നുമാണ് നിലവില്‍ ജോജു മൊഴി നല്‍കിയിരിക്കുന്നത്.

വാഗമണ്ണിലെ ഓഫ് റോഡ് റെ്‌സില്‍ പങ്കെടുത്ത് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് പത്താം തീയതിയാണ് ഇടുക്കി ആര്‍ടിഒ നടന്‍ ജോജു ജോര്‍ജിന് നോട്ടീസ് അയച്ചത്. ലൈസന്‍സും വാഹനത്തിന്റെ രേഖകളുമായി നേരിട്ട് ഹാജരാകാനായിരുന്നു നിര്‍ദ്ദേശം.

ആറുമാസം വരെ ലൈസന്‍സ് റദ്ദാക്കാവുന്ന കുറ്റമാണ് ഇത്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കാന്‍ ജില്ല കളക്ടറും മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനിടെ സംഭവത്തില്‍ വാഗമണ്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചു പേര്‍ സ്റ്റേഷനില്‍ ഹാജരായി ജാമ്യമെടുത്തിരുന്നു.