‘ദിലീഷ് പോത്തന്റെ മാസ്റ്റര്‍പീസ്, ഫഹദ് തകര്‍ത്തു’; ജോജി, പ്രേക്ഷക പ്രതികരണം

Advertisement

ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ‘ജോജി’ സിനിമയ്ക്ക് മികച്ച പ്രതികരണങ്ങള്‍. ചിത്രം ദിലീഷ് പോത്തന്റെ മാസ്റ്റര്‍പീസ് ആണ്, ഫഹദ് തകര്‍ത്തു, ബാബുരാജ് എന്ന നടന്റെ തിരിച്ചുവരവാണ് എന്നിങ്ങനെയാണ് ചിത്രത്തിന് ലഭിക്കുന്ന ആദ്യ പ്രതികരണങ്ങള്‍. രാത്രി 12 മണിക്കാണ് ജോജി ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്.

ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കര്‍ കോമ്പോ ഒരിക്കല്‍ കൂടി അവരുടെ മാജിക്ക് സ്‌ക്രീനിലെത്തിക്കുന്ന കാര്യത്തില്‍ വിജയിച്ചു എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. ചിത്രത്തില്‍ പുതുമുഖങ്ങളെ ഭംഗിയായി അഭിനയിപ്പിച്ചതിലൂടെ ദിലീഷ് പോത്തന്‍ എന്ന സംവിധായകന്റെ മികവ് ഒന്നുകൂടെ വ്യക്തമാവുകയാണ് ചെയ്തത്.

കൂടാതെ ഷൈജു ഖാലിദിന്റെ ഛായാഗ്രഹണവും ജോജിയെ മികവുറ്റതാക്കി എന്നുമാണ് പൊതുവെയുള്ള അഭിപ്രായങ്ങള്‍. തിയേറ്ററര്‍ എക്‌സ്പീരിയന്‍സ് നഷ്ടമായ സിനിമ എന്നും ചില പ്രതികരണങ്ങളുണ്ട്. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ സിനിമകള്‍ക്കു ശേഷം ദിലീഷും ഫഹദും ഒന്നിക്കുന്ന ചിത്രമാണ് ജോജി.

വില്യം ഷേക്‌സ്പിയറിന്റെ വിഖ്യാത നാടകം ‘മാക്ബത്തി’ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവായ ശ്യാം പുഷ്‌കരനാണ് സിനിമയുടെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. ഉണ്ണിമായ, ഷമ്മി തിലകന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായിരുന്നു.